ന്യൂഡൽഹി: ജനജീവിതം ദുസ്സഹമാക്കി ഡൽഹിയിലെ അന്തരീക്ഷ വായു മലിനീകരണം അനുദിനം വഷളാകുന്നു. വ്യാഴാഴ്ച ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 470ൽ എത്തി. സീസണിലെ ഏറ്റവും ഉയർന്ന തോതാണിത്. നഗരത്തിൽ വ്യോമ, റോഡ് ഗതാഗതങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ട് പുകമഞ്ഞും രൂക്ഷമായി.
വായു മലിനീകരണം ഉയരുന്നതിനിടെ, ചുമയും ശ്വാസതടസ്സങ്ങളുമായി ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.പി.സി.ബി) റിപ്പോർട്ട് അനുസരിച്ച് ഡൽഹിയിലെ 36 വായു ഗുണനിലവാര നിരീക്ഷണ സ്റ്റേഷനുകളിൽ 30 എണ്ണവും ‘ഗുരുതര’ വിഭാഗത്തിലാണെന്നാണ്. വായുവിന്റെ ഗുണനിലവാരം എ.ക്യു.ഐ പൂജ്യത്തിനും 50നും ഇടയിൽ ‘നല്ലത്’, 51-100 വരെ ‘തൃപ്‌തികരം’, 101- 200 ‘മിതമായത്’, 201- 300-‘മോശം’, 301- 400 ‘വളരെ മോശം’, 401- 450-‘ഗുരുതരം’ എന്നിങ്ങനെയാണ് കണക്കാക്കപ്പെടുന്നത്.
ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പി.എം 2.5ന്റെ അളവും ഉയർന്ന നിലയിലാണ്. ഡല്‍ഹിയില്‍ മലിനീകരണം നിയന്ത്രിക്കണമെന്നു ആവശ്യപ്പെട്ടുള്ള കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. അതിനിടെ, ഹിമാലയങ്ങളില്‍ മഞ്ഞുവീഴ്ച തുടങ്ങിയതോടെ ഡല്‍ഹിയിലെ താപനിലയിലും വന്‍ കുറവുണ്ടായി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 16.1 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.