ശ്രീനഗർ: പർദയും ഹിജാബും ധരിച്ചതിന്റെ പേരിൽ സ്കൂളിലേക്ക് പ്രവേശിപ്പിച്ചില്ലെന്നാരോപിച്ച് ശ്രീനഗറിലെ വിശ്വ ഭാരതി ഹയർ സെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം.
പർദ ധരിക്കുകയാണെങ്കിൽ സ്കൂളിലേക്ക് വരേണ്ടെന്നും മദ്രസയിലേക്ക് പോകാനാണ് പറഞ്ഞതെന്നും പ്രതിഷേധിച്ച പെൺകുട്ടികൾ ആരോപിച്ചു. പർദ ധരിക്കുന്നത് വഴി മുസ്‍ലിം വിദ്യാർഥിനികൾ സ്കൂളിന്റെ സാമൂഹാന്തരീക്ഷം നശിപ്പിക്കുകയാണെന്നും അധികൃതർ ആരോപിച്ചതായും പെൺകുട്ടികൾ ചൂണ്ടിക്കാട്ടി.
അതേസമയം വീട്ടിൽ നിന്ന് സ്കൂളിനു പുറത്തു വരെ പർദ ധരിക്കാനാണ് പെൺകുട്ടികളോട് പറഞ്ഞിട്ടുള്ളതെന്ന് പ്രിൻസിപ്പൽ മെംറോസ് ഷാഫി പറഞ്ഞു. സ്കൂളിന് അകത്തെത്തിയാൽ യൂനിഫോം ധരിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. സ്കൂൾ യൂനിഫോമിന്റെ ഭാഗമായി വെള്ള നിറത്തിലുള്ള നീളമുള്ള ഹിജാബും വലിയ ദുപ്പട്ടയും ധരിക്കാമെന്നും നിർദേശം നൽകിയിരുന്നു.
എന്നാൽ പല നിറത്തിലുള്ള, ഡിസൈനുകളിലുളള പർദകൾ ധരിച്ചാണ് അവർ സ്കൂളിലേക്ക് വരുന്നത്. ഇത് യൂനിഫോമായി കണക്കാക്കാനാവില്ലെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരിൽ ഇത്തരം സംഭവമുണ്ടായത് ദൗർഭാഗ്യകരമാണെന്ന് നാഷനൽ കോൺഫറൻസ് വക്താവ് തൻവീർ സാദിഖ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.