ഹൈദരാബാദ്: തെലങ്കാനയിൽ 400 ഏക്കർ വനഭൂമി വെട്ടിത്തെളിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്ന സാഹചര്യത്തിൽ, കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഇടപെടണമെന്ന് യൂട്യൂബർ ധ്രുവ് റാഠി. ഹൈദരാബാദ് സർവകലാശാലക്ക് സമീപമുള്ള 400 ഏക്കർ ഭൂമി പുനർവികസിപ്പിക്കാനുള്ള തെലങ്കാന സർക്കാറിന്‍റെ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ് നിലവിൽ.
രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന്‍റെ ബുൾഡോസർ നടപടിയെ അസ്വീകാര്യം എന്നാണ് ധ്രുവ് റാഠി എക്സിൽ കുറിച്ചത്. രാഹുൽ ഗാന്ധി നടപടിയെടുക്കുകയും തെലങ്കാനയിലെ ഈ നാശം തടയണമെന്നും റാഠി കൂട്ടിച്ചേർത്തു.
രംഗ റെഡ്ഡി ജില്ലയിലെ കാഞ്ച ഗച്ചിബൗളി ഗ്രാമത്തിലെ 400 ഏക്കർ ഭൂമി ലേലം ചെയ്യാൻ തെലങ്കാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്, ഈ പ്രദേശം വികസിപ്പിക്കാനും ഐ.ടി പാർക്ക് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിൽ നിന്ന് 10,000 മുതൽ 15,000 കോടി രൂപ വരെ വരുമാനം ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
ഹൈദരാബാദ് സർവകലാശാലയോട് അതിർത്തി പങ്കിടുന്ന ഈ ഭൂമി 700-ലധികം സസ്യ ഇനങ്ങൾ, 220 പക്ഷി ഇനങ്ങൾ, മാനുകൾ, പെരുമ്പാമ്പുകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ എന്നിവയുടെ സമ്പന്നമായ ആവാസവ്യവസ്ഥയാണ്. വികസനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർ ഗുരുതരമായ ആശങ്കകൾ ഇതിനകം ഉന്നയിച്ചു കഴിഞ്ഞു. സർക്കാറിന്‍റെ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും വിദ്യാർഥികളും ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.