ഉജെയ്ൻ: 12 വയസുകാരി പീഡിപ്പിക്കപ്പെട്ടതിൽ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. മധ്യപ്രദേശിന്‍റെ മനസാക്ഷിക്കാണ് മുറിവേറ്റെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇത്തരക്കാർക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഭരത് സോണി എന്നയാളാണ് പ്രതി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരക്കാർക്ക് സമൂഹത്തിൽ സ്ഥാനമില്ല. അയാൾ മധ്യപ്രദേശിന്‍റെ മനസാക്ഷിയെയാണ് മുറിപ്പെടുത്തിയത്. അക്രമത്തിന് ഇരയായ പെൺകുട്ടി മധ്യപ്രദേശിന്‍റെ മകളാണ്. അവൾ എന്‍റെയും മകളാണ്. കുട്ടിയെ എല്ലാ രീതിയിലും സംരക്ഷിക്കും. പ്രതിക്ക് പരമാവധി ശിക്ഷ നൽകും"- ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
ഗണേശോത്സവത്തോടനുബന്ധിച്ച് ഔദ്യോഗിക വസതിയിൽ സ്ഥാപിച്ച ഗണേശ വിഗ്രഹം നിമജ്ജനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രണ്ട് ദിവസം മുമ്പാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരി അർധ നഗ്നയായി ചോരയൊലിച്ച് സഹായത്തിനായി വീടുകളുടെ വാതിലുകൾ മുട്ടി അലയുന്ന ദൃശ്യം പുറത്ത് വന്നത്. ഉജെയ്നിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ബദ്‌നഗർ റോഡിലാണ് സംഭവം. രണ്ടര മണിക്കൂർ അർധനഗ്നയായി തെരുവിൽ സഹായത്തിനപേക്ഷിച്ചിട്ടും കുട്ടിയെ ആരും സഹായിച്ചില്ല. ഒടുവിൽ സമീപത്തെ ആശ്രമത്തിലെത്തിയ പെൺകുട്ടിയെ പുരോഹിതർ സഹായിക്കുകയും ഉടൻ തന്നെ ജില്ല ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വൈദ്യപരിശോധനയിൽ കുട്ടി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.