കെജ്രിവാൾ അത്യാഗ്രഹി; പണത്തിനായി കൂട്ടുകൂടി -ആരോപണവുമായി സുകേഷ് ചന്ദ്രശേഖർ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ. 2017 മാർച്ച് 25ന് ത​ന്റെ ബർത്ത്ഡെ പാർട്ടിക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിർന്ന എ.എ.പി നേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും ഒരുമിച്ച് ​'യേ ദോസ്തി ഹം നഹി തോഡെംഗെ' എന്ന പാട്ടു പാടിയെന്ന് സുകേഷ് ചന്ദ്രശേഖർ ആരോപിച്ചു. നേരത്തേ എ.എ.പിക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകി​യെന്ന് സുകേഷ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് എ.എ.പി തള്ളുകയായിരുന്നു.

കെജ്‍രിവാൾ വലിയ തട്ടിപ്പുകാരനാണെന്നും പണത്തിനായി അത്യാഗ്രഹിയായി അദ്ദേഹം താനുമായി സുഹൃത്ബന്ധം സ്ഥാപിച്ചുവെന്നും തന്നെ അവരുടെ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും സുകേഷ് പറഞ്ഞു. ജയിലിൽ നിന്ന് എഴുതിയ കത്തിലാണ് സുകേഷ് കെജ്‍രിവാളിനും സിസോദിയക്കും ജെയിനിനുമെതിരെ ആരോപണവുമായി രംഗത്തുവന്നത്. 1000 കോടി രൂപയുടെ കമ്മീഷൻ ​കൈപ്പറ്റിയ കെജ്‍രിവാളിന് വിദ്യാഭ്യാസ മേഖലയിലെ കുംഭകോണത്തിൽ പങ്കുണ്ടെന്നും സു​കേഷ് തുറന്നടിച്ചു.

വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി താൻ ടാബ്‍ലറ്റുകൾ വാങ്ങിയത് ചൈനീസ് കമ്പനിയിൽ നിന്നാണ്. എന്നാൽ കെജ്‍രിവാൾ സർക്കാർ 20 ശതമാനം അധികം കമ്മീഷൻ കൈപ്പറ്റി അതിന്റെ ടെൻഡർ മറ്റൊരാൾക്ക് കൈമാറാൻ തീരുമാനിച്ചുവെന്നും സുകേഷ് അവകാശപ്പെട്ടു. താൻ വഴിയാണ് അന്താരാഷ്ട്ര പ​ത്രത്തിൽ എ.എ.പി സർക്കാരിനെ പിന്തുണച്ചുള്ള ലേഖനം വന്നത്.

മുൻ റിലിഗെയർ പ്രമോട്ടർ മൽവീന്ദർ സിങ്ങിന്റെ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അടുത്തിടെ സുകേഷിനെ അറസ്റ്റ് ചെയ്തിരുന്നു.ഡൽഹി കോടതി സുകേഷിനെ ഒമ്പതു ദിവസ​ത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇതോടെ മൂന്നാമത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡി സുകേഷിനെ അറസ്റ്റ് ചെയ്യുന്നത്.

Tags:    
News Summary - Sukesh Chandrasekhar against AAP leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.