ന്യൂഡൽഹി: ലഖിംപൂരിൽ കർഷകരെ വാഹനം കയറ്റി കൂട്ടക്കൊല ചെയ്ത സംഭവത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി യു.പി സർക്കാറിനോട് തൽസ്ഥിതി റിപ്പോർട്ട് തേടി. നാളെ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്.
ആർക്കൊക്കെ എതിരെയാണ് കേസ് എന്നും അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുമുള്ള വിവരങ്ങൾ റിപ്പോർട്ടിൽ വേണമെന്ന് കോടതി നിർദേശിച്ചു. കൊല്ലപ്പെട്ട 19കാരനായ ലവ്പ്രീത് സിങ്ങിന്‍റെ അസുഖബാധിതയായ മാതാവിന് ആവശ്യമായ ചികിത്സ നൽകാനും സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് നാളെ വീണ്ടും പരിഗണിക്കും.
കർഷകരുടെ കൊലപാതകത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.പിയിലെ രണ്ട് അഭിഭാഷകർ ഹരജി നൽകിയിരുന്നു. ഇതിനു പുറമെയാണ് സുപ്രീംകോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. വാഹനമോടിച്ചത് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. ഇയാൾക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.