ന്യൂഡൽഹി: ഹാഥറസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കുമെന്ന ഉത്തരവ് നടപ്പാക്കാതെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ പടിയിറങ്ങി.
ജാമ്യാപേക്ഷ സുപ്രീംകോടതിയിലെത്താൻ വൈകിയത് എന്തുകൊണ്ടാണെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, കേസ് അടിയന്തരമായി പരിഗണിക്കണമെന്ന കാപ്പന്റെ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാന്റെ ആവശ്യം അംഗീകരിച്ച് വെള്ളിയാഴ്ച പരിഗണിക്കാൻ ഉത്തരവിറക്കിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച സുപ്രീംകോടതിയുടെ ഒരു ബെഞ്ചിലും കേസ് പട്ടികയിൽ കാപ്പന്റെ ജാമ്യാപേക്ഷ ഉൾപ്പെടുത്തിയില്ല.
അലഹബാദ് ഹൈകോടതിയുടെ ലക്നോ ബെഞ്ച് 20 ദിവസം മുമ്പാണ് ജാമ്യാപേക്ഷ തള്ളി ഉത്തരവ് പുറപ്പെടുവിച്ചതെന്നും ആ ഉത്തരവും ജയിൽ സൂപ്രണ്ടിന്റെ കസ്റ്റഡി സർട്ടിഫിക്കറ്റും കിട്ടാൻ വൈകിയതാണ് ഇതിനു കാരണമെന്നും അഡ്വ. ഹാരിസ് ബീരാൻ ബോധിപ്പിച്ചിരുന്നു. മഥുര ജയിലിൽ നിന്ന് സിദ്ദീഖ് കാപ്പനെ ചികിത്സക്കായി ന്യൂഡൽഹി എയിംസിലേക്ക് മാറ്റണമെന്ന് ഉത്തരവിട്ടത് ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.