ഗവർണ​ർക്കെതിരെ കേരളം നൽകിയ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ന്യൂ ഡല്‍ഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ നൽകിയ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേന്ദ്രസർക്കാരും ഗവർണറുടെ അഡീഷണൽ ചീഫ്സെക്രട്ടറിയും കോടതിയിൽ നിലപാട് അറിയിക്കണം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയെ ചോദ്യം ചെയ്തു സംസ്ഥാനം സമർപ്പിച്ച ഹരജിയാണ് പരിഗണിക്കുന്നത്. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ലെന്നു ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു . ഗവർണർ ഹരജിയിൽ ഒന്നാം എതിർകക്ഷി ആയിരുന്നെങ്കിലും അദ്ദേഹത്തിന് നോട്ടീസ് അയക്കാതെ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ദാവേന്ദ്ര കുമാർ ദോത്താവത്തിനും കേന്ദ്ര സർക്കാരിനുമാണ്‌ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഒപ്പം തമിഴ്നാട് ഗവർണറെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

പഞ്ചാബ് സർക്കാർ ഗവര്‍ണര്‍ക്കെതിരെ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴും കോടതി വിമർശനം മയപ്പെടുത്തിയില്ല . ബില്ലുകൾ തടഞ്ഞു വച്ചുകൊണ്ടു ഗവർണർക്ക് നിയമസഭയെ മറികടക്കാനാവില്ലെന്ന് ബെഞ്ച് ഓർമിപ്പിച്ചു . തിരിച്ചയക്കുന്ന ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്. നവംബർ 10നുള്ള വിധിന്യായത്തിലാണ് ഗവര്‍ണര്‍ക്കെതിരെ ബെഞ്ച് നിലപാട് അറിയിച്ചത് . കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിനിടെ, ഗവർണർമാരും സംസ്ഥാന സർക്കാറുകളും തമ്മിലുള്ള പോരിൽ നിർണായക ഉത്തരവ് വ്യാഴാഴ്ച സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായി. സംസ്ഥാന നിയമസഭ പാസാക്കിയ ഒരു ബിൽ തീരുമാനമെടുക്കാതെ ഗവർണർ തടഞ്ഞുവെക്കുകയാണെങ്കിൽ പുനഃപരിശോധനക്കായി തിരിച്ചയക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്.

ഇന്ത്യൻ ഭരണഘടനയുടെ 200ാം അനുച്ഛേദത്തിൽ ഗവർണർ സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നൽകാതെ തടഞ്ഞുവെക്കുകയാണെങ്കിൽ അടുത്ത നടപടിയെന്താണെന്ന് വിശദീകരിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസിൽ നിർണായക വിധി പുറപ്പെടുവിച്ചത്.

ബില്ലുകൾ മുന്നിലെത്തുമ്പോൾ അതിന് അനുമതി നൽകുകയോ തടഞ്ഞുവെക്കുകയോ പ്രസിഡന്റി​ന്റെ അഭിപ്രായം തേടുകയോ ചെയ്യാം. ഭരണഘടന അനു​ച്ഛേദം 200 പ്രകാരം തടഞ്ഞുവെക്കുന്ന ബില്ലുകൾ ഉടൻ നിയമസഭക്ക് തിരിച്ചയച്ച് മാറ്റങ്ങൾ നിർദേശിക്കാം. ഈ മാറ്റങ്ങൾ വരുത്തിയോ വരുത്താതെയോ നിയമസഭ ബിൽ പാസാക്കി വീണ്ടും ഗവർണർക്ക് സമർപ്പിച്ചാൽ നിർബന്ധമായും ബില്ലിന് അനുമതി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Supreme Court Issues Notice To Centre On Kerala Government's Plea Against Governor's Inaction In Assenting Bills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.