ന്യൂഡൽഹി: വിഡിയോ കോൺഫറൻസിൽ വാദം കേൾക്കുന്നതിനിടെ കുപ്പായമിടാത്തയാളെ കണ്ടതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. കഴിഞ്ഞ എട്ട് മാസമായി നടക്കുന്ന വിഡിയോ കോൺഫറൻസ് സംവിധാനത്തിൽ പലതവണ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു. ഇതു സംഭവിക്കാൻ പാടില്ലാത്തതാണെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
കോവിഡിനെ തുടർന്നാണ് വിഡിയോ കോൺഫറൻസിലൂടെ കോടതി വാദം കേൾക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 22ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വാദം കേൾക്കുന്നതിനിടെ അഭിഭാഷകൻ കുപ്പായമിടാതെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഏപ്രിലിൽ രാജസ്ഥാൻ ഹൈകോടതിയിലെ വാദം കേൾക്കലിനിടെ അഭിഭാഷകൻ ബനിയൻ ധരിച്ച് പങ്കെടുത്ത സംഭവവുമുണ്ടായി. ഇതിനെ ഹൈകോടതി ശക്തമായി വിമർശിച്ചിരുന്നു.
ജൂണിൽ മറ്റൊരു അഭിഭാഷകൻ ടിഷർട്ട് ധരിച്ച് കട്ടിലിൽ കിടന്ന് കോടതി നടപടിയിൽ പങ്കെടുക്കുന്നതും സുപ്രീംകോടതിയുടെ സ്ക്രീനിൽ തെളിഞ്ഞിരുന്നു. സാമാന്യ കോടതി മര്യാദകൾ പാലിച്ചല്ലാതെ അഭിഭാഷകർ വാദം കേൾക്കലിന് ഓൺലൈനിൽ ഹാജരാകരുതെന്ന് കോടതി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.