വൈകിയുള്ള ബിൽ പേമെന്‍റുകളുടെ ക്രെഡിറ്റ് കാർഡ് പലിശ നിരക്ക് പ്രതിവർഷം 30 ശതമാനമാക്കിയ എന്‍.സി.ഡി.ആര്‍.സി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: വൈകിയുള്ള ബിൽ പേമെന്‍റുകളുടെ ക്രെഡിറ്റ് കാർഡ് പലിശ നിരക്ക് പ്രതിവർഷം 30 ശതമാനമാക്കിയ ദേശീയ ഉപഭോകൃത തർക്ക പരിഹാര കമിഷന്‍റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി . 16 വർഷത്തോളമായി നീണ്ടുനിന്ന കേസാണ് സുപ്രീംകോടതി തീർപ്പാക്കിയത്. ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നിശ്ചിത തീയതിയിൽ പണമടയ്ക്കാത്ത ക്രെഡിറ്റ് കാർഡ് ഉടമകളിൽ നിന്ന് ഈടാക്കേണ്ട പലിശ നിരക്കിന് പരമാവധി പരിധി നിശ്ചയിച്ച എന്‍.സി.ഡി.ആര്‍.സി ഉത്തവ് ചോദ്യം ചെയ്‌ത് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, സിറ്റി ബാങ്ക്, അമേരിക്കൻ എക്‌സ്‌പ്രസ്, ഹോങ്കോങ് ഷാങ്ഹായ് ബാങ്കിങ് കോർപ്പറേഷൻ തുടങ്ങിയ ബാങ്കുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പേമെന്‍റ് കൃത്യസമയത്ത് നൽകാത്തതോ കുടിശ്ശികയേക്കാള്‍ കുറഞ്ഞ തുക മാത്രം നൽകുന്നതോ ആയ കാര്‍ഡ് ഉടമകളില്‍ നിന്ന് പ്രതിവർഷം 30 ശതമാനത്തിൽ കൂടുതൽ പലിശ നിരക്ക് ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായ നിയമത്തില്‍ പെടുമെന്ന് 2008ല്‍ എന്‍.സി.ഡി.ആര്‍.സി 2008-ൽ ഉത്തരവിട്ടിരുന്നു.

എന്നാല്‍, പലിശ നിരക്ക് നിര്‍ണയിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രം നിക്ഷിപ്‌തമായ കാര്യമാണെന്ന് ബാങ്കുകള്‍ വാദിച്ചു. എന്‍.സി.ഡി.ആര്‍.സി പലിശ നിരക്കിന് പരമാവധി നിശ്ചയിക്കുമ്പോൾ, വീഴ്‌ച വരുത്തുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഉയർന്ന പലിശ കൊടുക്കേണ്ടിവരുന്നത് എന്നും കൃത്യമായി ബില്ല് അടയ്ക്കുന്ന ഉപഭോക്താവിന് 45 ദിവസത്തേക്ക് പലിശ രഹിത വായ്‌പ സുഗമമമായി ലഭിക്കുന്നുണ്ടെന്നുമുള്ള കാര്യം കണക്കിലെടുത്തില്ലെന്നും ബാങ്കുകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, അമിത പലിശ ഈടാക്കരുതെന്ന് ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ടെങ്കിലും ബാങ്കുകൾ ഈടാക്കുന്ന നിരക്ക് നേരിട്ട് നിയന്ത്രിക്കരുതെന്നാണ് നയമെന്ന് ആർ.ബി.ഐ അറിയിച്ചിരുന്നു. അതിനാൽ ആർ.ബി.ഐ വിഷയം ബാങ്കുകളുടെ ഡയറക്‌ടർ ബോർഡിന് വിടുകയായിരുന്നു. 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്‌ട് പ്രകാരം കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ ആർ.ബി.ഐക്ക് അധികാരമില്ല.

36 ശതമാനം മുതൽ 49 ശതമാനം വരെ അമിത പലിശ ഈടാക്കി വായ്‌പക്കാരെ ചൂഷണം ചെയ്യുന്ന ബാങ്കുകളെ നിയന്ത്രിക്കാത്തത് ന്യായമായ കാര്യമല്ല എന്ന വിലയിരുത്തലിലാണ് എന്‍.സി.ഡി.ആര്‍.സി നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. മറ്റ് രാജ്യങ്ങള്‍ ഇത്തരത്തിലുള്ള വീഴ്‌ചകള്‍ക്ക് ഏര്‍പ്പെടുത്തുന്ന പലിശ നിരക്കുകളും കമിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

30ശതമാനമാക്കിയ പരിധി എടുത്തുകളഞ്ഞതോടെ, ക്രെഡിറ്റ് കാർഡ് പേമെന്‍റുകൾ വൈകിയാലുള്ള പലിശ നിരക്ക് നിശ്ചയിക്കുന്നതിൽ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സ്വന്തമായി തീരുമാനമെടുക്കാൻ കഴിയും.

Tags:    
News Summary - Supreme Court rejects 30-cap-on-credit-card-interest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.