ന്യൂഡൽഹി: കർണാടകയിലെ ഐ.പി.എസ് ഉദ്യോഗസ്ഥ ഡി. രൂപക്കെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരി നൽകിയ മാനനഷ്ടക്കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് കാണിച്ച് ഡി. രൂപ നൽകിയ ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് തുടർനടപടികൾ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.
ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുതെന്നും സമൂഹമാധ്യമങ്ങളിലൂടെയോ മറ്റോ കൂടുതൽ പ്രതികരണങ്ങൾ നടത്തരുതെന്നും കോടതി നിർദേശിച്ചു. കേസ് വീണ്ടും ജനുവരി 12ന് പരിഗണിക്കും.
രോഹിണി സിന്ദൂരിക്കെതിരെ ഡി. രൂപ സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി വാക്കാൽ നിർദേശിച്ചിരുന്നു. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ ഇങ്ങനെ തമ്മിലടിച്ചാൽ ഔദ്യോഗിക നടപടികൾ എങ്ങനെ മുന്നോട്ട് പോകുമെന്ന് കോടതി ചോദിച്ചിരുന്നു.
ഈ വർഷമാദ്യമാണ് കർണാടകയിലെ രണ്ട് ഉന്നതോദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ പോര് തുടങ്ങിയത്. കർണാടക ദേവസ്വം കമീഷണറായിരുന്നു രോഹിണി സിന്ദൂരി. കരകൗശല വികസന കോർപറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്നു ഡി. രൂപ. പരസ്പരം ആരോപണമുന്നയിച്ച് നടത്തിയ പോരിനൊടുവിൽ ഇരുവരെയും സ്ഥലംമാറ്റിയിരുന്നു. പിന്നീട്, രോഹിണി സിന്ദൂരിയെ കർണാടക ഗസറ്റീർ ഡിപ്പാർട്മെന്റിന്റെ ചീഫ് എഡിറ്ററായും ഡി. രൂപയെ ഇന്റേണൽ സെക്യൂരിറ്റി വകുപ്പിൽ ഐ.ജിയായും പുനർനിയമിച്ചിരുന്നു.
ഇരുവരും തമ്മിലുള്ള വിദ്വേഷമാണ് പരസ്യമായ ആരോപണങ്ങളിലേക്ക് നയിച്ചത്. രോഹിണി സിന്ദൂരിയുടെ ഏതാനും സ്വകാര്യ ചിത്രങ്ങൾ രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത ഫോട്ടോകളാണെന്ന് പറഞ്ഞാണ് രൂപ ഇവ പങ്കുവെച്ചത്. ചിത്രങ്ങൾ മറ്റു പല കാര്യങ്ങളും തുറന്നുകാട്ടുന്നുണ്ട് എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. രോഹിണി അഴിമതിക്കാരിയാണെന്നതടക്കം നിരവധി ആരോപണങ്ങളാണ് ഡി. രൂപ ഫേസ്ബുക്കിലൂടെയും മറ്റും ഉന്നയിച്ചത്.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ സമൂഹമാധ്യമങ്ങളിലും വാട്സ് ആപ്പ് സ്റ്റാറ്റസായും പങ്കുവെച്ച ചിത്രങ്ങളുടെ സ്ക്രീൻഷോട്ടാണ് രൂപ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും ആർക്കാണ് ചിത്രങ്ങൾ അയച്ചുകൊടുത്തത് എന്ന കാര്യം പരസ്യമാക്കണമെന്നും രോഹിണി പ്രതികരിച്ചു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന രൂപക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇരുവരും ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയും ചെയ്തു.
തുടർന്ന് രോഹിണി സിന്ദൂരി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. താൻ നേരിട്ട അപമാനത്തിനും മാനസിക പ്രയാസത്തിനും നഷ്ടപരിഹാരമായി ഡി. രൂപ ഒരു കോടി രൂപ നൽകണമെന്നും നിരുപാധികമായി മാപ്പ് എഴുതി നൽകണമെന്നുമായിരുന്നു ആവശ്യം. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി. രൂപ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി തുടർനടപടികൾ ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.