അഴിമതിക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജയലളിതയുടെ അവിഹിത സ്വത്ത് സമ്പാദന കേസിന്‍െറ വിധിയില്‍ അഴിമതിക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. അഴിമതിക്കാര്‍ തിമിര്‍ത്താടുകയും ധാര്‍മിക പക്വത കാട്ടുന്നവര്‍ ന്യൂനപക്ഷമാവുകയും ചെയ്യുന്ന സ്ഥിതിയാണ് രാജ്യത്ത്.ഇതിനെതിരെ സമൂഹം പ്രതികരിക്കണമെന്ന് ജസ്റ്റിസ് അമിതാവ റോയ് പ്രത്യേകമായി എഴുതിയ വിധിന്യായത്തില്‍ പറഞ്ഞു.


ഈ കേസ് പരിഗണിക്കുമ്പോള്‍ അസുഖകരമായ ചിന്ത വലക്കുന്നുണ്ടെന്ന് ജസ്റ്റിസ് അമിതാവ റോയ് തുറന്നെഴുതി. വ്യാജ കമ്പനികളുണ്ടാക്കിയും മറ്റും സ്വത്ത് വാരിക്കൂട്ടാന്‍ നിയമം മറികടക്കുന്ന ഗൂഢവിദ്യകള്‍ അമ്പരപ്പിക്കുന്നതാണ്.
 അഴിമതി നിത്യജീവിതത്തില്‍ അര്‍ബുദം പോലെ പടര്‍ന്നിരിക്കുന്നു. അഴിമതിക്കാര്‍ സമൂഹത്തില്‍ നിര്‍ഭയം പിടിമുറുക്കി. ഇതിനെതിരെ സ്വന്തം നിലക്കും കൂട്ടായും പൗരന്മാര്‍ മുന്നിട്ടിറങ്ങണം.

അഴിമതിക്കേസില്‍ നിയമവ്യവസ്ഥ വ്യാഖ്യാനിക്കുന്നത് ലക്ഷ്യബോധത്തോടെയാകണമെന്ന് കോടതികളെയും വിധിന്യായത്തില്‍ ഉപദേശിച്ചു.
തെളിവിന്‍െറ അപര്യാപ്തത, നടപടിക്രമങ്ങളിലെ ചില്ലറ പോരായ്മകള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്ന മികച്ച വാദത്തെ ധാര്‍മിക പക്വതയോടെ സമീപിക്കുകയും നിയമവിശുദ്ധി ഉയര്‍ത്തിപ്പിടിക്കുകയും വേണം. അതില്‍നിന്ന് ഉള്‍വലിയരുത്.
 അഴിമതി നടത്തിയവനും അതിന് ഒത്താശ ചെയ്തവരും സമൂഹത്തോട് ഉത്തരം പറയുന്ന സ്ഥിതി വരണം.
പൊതുജീവിതത്തിന്‍െറ ഭാഗമായ ജനപ്രതിനിധികള്‍ സാമൂഹിക ക്ഷേമത്തിന് വേണ്ടിയാണ് സേവനമനുഷ്ഠിക്കേണ്ടത്.
സ്വാധീനങ്ങള്‍ക്ക് വഴിപ്പെടാതെ നിര്‍ഭയം പ്രവര്‍ത്തിക്കണം. അതിന് വിരുദ്ധമായി സ്വാര്‍ഥതാല്‍പര്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍, അവരില്‍ അര്‍പ്പിക്കപ്പെട്ട വിശ്വാസത്തിന് പരിക്കേല്‍പിക്കും. ഭരണഘടനാപരമായ വാഗ്ദാനങ്ങളോടുള്ള വഞ്ചന കൂടിയാണത്. അത്തരം പെരുമാറ്റം നീതിക്കും തുല്യതക്കും ഐക്യത്തിനും എതിരാണ്.

ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം വര്‍ധിക്കാന്‍ ഇടവരുത്തും. ഭരണക്രമത്തിന്‍െറ ഗൗരവം ചോര്‍ത്തും. നിയമവാഴ്ചയെ അവമതിക്കാന്‍ പ്രേരിപ്പിക്കും.
വിവേകം, യുക്തസഹമായ ചിന്ത, ധാര്‍മികമൂല്യങ്ങള്‍, അച്ചടക്കം എന്നിവയെല്ലാം ചുരുക്കം ചിലരുടെ ചിന്താഗതിയായി മാറുന്ന സ്ഥിതിയുണ്ട്.
അത്തരക്കാര്‍ ചുറ്റുപാടുകളുടെ നിര്‍ബന്ധിതാവസ്ഥയില്‍ നിരാശരായി ഉള്‍വലിയുന്ന സ്ഥിതി വരരുത്.

ശ്വാസം മുട്ടിക്കുന്ന ചുറ്റുപാടുകളില്‍നിന്ന് പൊതുജീവിതത്തെ മുക്തമാക്കാന്‍ ധീരവും പ്രതിബദ്ധവുമായ യോജിച്ച മുന്നേറ്റം ഇന്ന് അനിവാര്യമാണ്.
ഓരോ പൗരനും അതില്‍ പങ്കാളിയാകണം. നിസ്വാര്‍ഥരായ മുന്‍തലമുറ വിഭാവനം ചെയ്ത നീതിയുക്തവും സുസ്ഥിരവും ഉത്തമവുമായ സാമൂഹികക്രമത്തിനായി, സ്വതന്ത്ര ഭാരതത്തിനായി ഓരോരുത്തരും മുന്നോട്ടുവരണമെന്ന് ജസ്റ്റിസ് അമിതാവ റായ് പറഞ്ഞു.

 

Tags:    
News Summary - supreme court veridict on Sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.