ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ചൊവ്വാഴ്ച മുതൽ നടക്കാനിരിക്കുന്ന ‘ധരം സൻസദ്’ സംഗമത്തിനെതിരായ ഹരജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും. ഈ ആവശ്യമുന്നയിച്ച് ഇ -മെയിൽ അയക്കാൻ ഹരജിക്കാരായ മുൻ ഉന്നത ഉദ്യോഗസ്ഥരോടും സാമൂഹിക പ്രവർത്തകരോടും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദേശിച്ചു.
പരിപാടിയുടെ വെബ്സൈറ്റിലും പരസ്യങ്ങളിലും വിദ്വേഷ പരാമർശമുള്ളതും മുമ്പ് നടത്തിയ സംഗമത്തിൽ മുസ്ലിംകൾക്കെതിരെ വംശഹത്യ ആഹ്വാനം ഉയർന്നതും ചൂണ്ടിക്കാട്ടിയാണ് സാമൂഹിക പ്രവർത്തകരും മുൻ സർക്കാർ ഉദ്യോഗസ്ഥരും ഹരജി നൽകിയത്.
യതി നരസിംഹാനന്ദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ചവരെയാണ് ഗാസിയാബാദ് ദസ്നയിലെ ശിവ-ശക്തി ക്ഷേത്ര സമുച്ചയത്തിൽ ‘ധരം സൻസദ്’ നടത്താൻ ഉദ്ദേശിക്കുന്നത്.
സാമൂഹിക പ്രവർത്തക അരുണ റോയ്, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ അശോക് കുമാർ ശർമ, മുൻ ഐ.എഫ്.എസ് ഓഫിസർമാരായ ദേബ് മുഖർജി, നവരേഖ ശർമ തുടങ്ങിയവർ ഹരജിക്കാരിൽ ഉൾപ്പെടുന്നു. ഇവർക്കായി അഡ്വ. പ്രശാന്ത് ഭൂഷണാണ് കോടതിയിൽ ഹാജരാകുന്നത്. നേരത്തേ ഹരിദ്വാറിൽ നടന്ന ധരം സൻസദിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.