മുഖ്യമന്ത്രിയാണെന്നു കരുതി നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാമെന്നാണോ? പുഷ്‌കർ ധാമിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയാണെന്നു കരുതി നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാമെന്ന് കരുതരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയോട് സുപ്രീംകോടതി. മുഖ്യമന്ത്രിമാര്‍ രാജാക്കന്മാരല്ലെന്ന് ഓര്‍ക്കണം. നമ്മള്‍ ഇപ്പോള്‍ പഴയ ഫ്യൂഡല്‍ കാലഘട്ടത്തില്‍ അല്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വിവാദ ഐ.എഫ്.എസ് ഓഫിസർ രാഹുലിനെ രാജാജി ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ ആയി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ നടപടിയിലാണ് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.

ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, പി.കെ. മിശ്ര, കെ.വി. വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് പരാമര്‍ശം. അനധികൃത മരംമുറിക്കേസില്‍ ആരോപണവിധേയനായ രാഹുലിനെ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വില്‍ നിന്നും നീക്കിയിരുന്നു. സംസ്ഥാന വനംമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് രാഹുലിനെ മുഖ്യമന്ത്രി ധാമി രാജാജി ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ ആയി നിയമിച്ചത്.

രാജ്യത്ത് പൊതുവായ ഒരു തത്വമുണ്ട്. സര്‍ക്കാരിന്റെ തലപ്പത്തുള്ളവർ രാജാക്കന്മാരെപ്പോലെ എന്തും ചെയ്യാമെന്ന് വിചാരിക്കരുത്. താങ്കള്‍ ഒരു മുഖ്യമന്ത്രിയാണ്. എന്തും ചെയ്യാമെന്നാണോ? പുഷ്‌കര്‍ സിങ് ധാമിയോട് കോടതി ചോദിച്ചു. രാഹുലിനെതിരെ ചില അച്ചടക്കനടപടികൾ നിലനിൽക്കുന്നതിനാൽ പ്രഥമദൃഷ്ട്യാ വിശ്വാസമുണ്ടാക്കുന്നതല്ല രാഹുലിന്റെ നിയമനമെന്ന് സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ എംപവേഡ് കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ബെഞ്ചിന്റെ നിരീക്ഷണം.

കോർബറ്റിനുള്ളിലെ അനധികൃത മരം മുറിക്കലിനും നിർമ്മാണത്തിനും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ 2022 ജനുവരിയിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. 2022 ഏപ്രിലിൽ സംസ്ഥാന സർക്കാർ രണ്ട് ഫോറസ്റ്റ് ഓഫിസർമാരെ സസ്പെൻഡ് ചെയ്യുകയും കോർബറ്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് രാഹുലിനെ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

Tags:    
News Summary - Do you think you can do whatever you want as Chief Minister? Supreme Court to Pushkar Dhami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.