ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിൻ മേൽ നടന്ന ചർച്ചക്കിടെ രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി നൽകി സുരേഷ് ഗോപി. എമ്പുരാൻ സിനിമയെ കുറിച്ച് പറയുന്നവർക്ക് ടി. പി. ചന്ദ്രശേഖരനെ പറ്റിയുള്ള സിനിമയെ കുറിച്ച് പറയാൻ ധൈര്യം ഉണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെക്കുറിച്ചും സുരേഷ് ഗോപി പരാമർശിച്ചു. എമ്പുരാനിൽ മാറ്റം വരുത്താൻ സെൻസർ ബോർഡ് സമ്മർദം ചെലുത്തിയിട്ടില്ലെന്നും തന്‍റെ പേര് നീക്കാൻ ആദ്യം പറഞ്ഞത് താൻ തന്നെയാണെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
'അവർ എമ്പുരാനെക്കുറിച്ച് സംസാരിക്കുന്നു. ടി.പി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നിവ റീറിലീസ് ചെയ്യാൻ അവർക്ക് ധൈര്യം ഉണ്ടോ? ബ്രിട്ടാസിനോ അദ്ദേഹത്തിന്‍റെ കൈരളി ചാനലിലോ അതിന്‍റെ ചെയർമാനോ അതിനുള്ള ധൈര്യം ഉണ്ടോ? എമ്പുരാനിൽ മാറ്റം വരുത്താൻ സെൻസർ ബോർഡ് സമ്മർദം ചെലുത്തിയിട്ടില്ലെന്ന് പറയാൻ ഞാൻ ആഹ്രഹിക്കുന്നു. സിനിമയുടെ തുടക്കത്തിൽ നിന്ന് എന്‍റെ പേര് മാറ്റാൻ ഞാനാണ് നിർമാതാക്കളോട് പറഞ്ഞത്. ഇത് തെറ്റാണെന്ന് തെളിഞ്ഞാൽ എന്ത് ശിക്ഷയും സ്വീകരിക്കാൻ തയാറാണ് - സുരേഷ്ഗോപി പറഞ്ഞു.
സിനിമയിൽ വരുത്തേണ്ട മാറ്റങ്ങൾ തീരുമാനിച്ചത് പ്രൊഡ്യൂസറുടെയും സംവിധായകന്റെയും പ്രധാന നടന്‍റെയും തീരുമാനമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ബി.ജെ.പിയെ താറടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം പ്രശ്നത്തെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു. മുനമ്പത്ത് 600ഓളം കുടുംബങ്ങളെയാണ് ചതിയിൽ പെടുത്തിയിരിക്കുന്നതെന്ന് സുരേഷ് ഗോപി അവകാശപ്പെട്ടു.
എമ്പുരാൻ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തോടാണ് പേര് എടുത്തു പറയാതെ സുരേഷ് ഗോപിയെ ബ്രിട്ടാസ് ഉപമിച്ചത്. കേരളത്തിലെ മുനമ്പം ഉൾപ്പെടെയുള്ള വിഷയങ്ങൾ മുൻനിർത്തി ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങളെയും ജബൽ പൂരിൽ ക്രിസ്ത്യാനികളെ അക്രമിച്ചതും പരാമർശിക്കവെയായിരുന്നു ബ്രിട്ടാസ് സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ചത്.
എമ്പുരാനിലെ മുന്നയെ പോലെ ഒരാൾ ഇവിടെയുണ്ടെന്നും ആ മുന്നയെ കേരളം തിരിച്ചറിയുമെന്നും ബ്രിട്ടാസ് പറഞ്ഞു. മലയാളിക്ക് ഒരു തെറ്റു പറ്റി. അത് വൈകാതെ തിരുത്തും. നേമത്തെ അക്കൗണ്ട് പൂട്ടിച്ചതു പോലെ തൃശൂരിലെ അക്കൗണ്ടും പൂട്ടിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ചർച്ചക്കിടെ ഗ്രഹാംസ്റ്റയിനിനെയും സ്റ്റാൻ സ്വാമിയെയും ബ്രിട്ടാസ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.