ജാംഷെഡ്പൂർ: ജാർഖണ്ഡിലെ സെറൈകേല-ഖർസവൻ ജില്ലയിൽ 65 വയസ്സുള്ള സ്ത്രീയെ മന്ത്രവാദ സംശയത്തിന്‍റെ പേരിൽ കൊലപ്പെടുത്തി. മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുത്തശ്ശിക്ക് മന്ത്രവാദവുമായി ബന്ധമുണ്ടെന്നും അടുത്ത ലക്ഷ്യം തങ്ങളായിരിക്കുമെന്നും സംശയിച്ചാണ് ഇവർ മുത്തശ്ശിയെ കൊലപ്പെടുത്തിയത്.
സെറൈകേല സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സമീർ കുമാർ സവായയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചൊവ്വാഴ്ച സഹോദരന്മാരായ ലക്ഷ്മൺ കൈവർട്ടോ (23), ചന്ദൻ കൈവർട്ടോ (20) എന്നിവരെ അറസ്റ്റ് ചെയ്തു.
'മന്ത്രവാദം ചെയ്യുന്നതായി സംശയം ഉണ്ടായിരുന്നു. ഇത് കുടുംബത്തിന് ദോഷം വരുത്തുമെന്ന് തോന്നി. പിതാവിന്‍റെ മരണശേഷം അടുത്ത ലക്ഷ്യം തങ്ങളാവുമെന്ന ഭയം അവരെ അലട്ടിയിരുന്നു' എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി, മോട്ടോർ സൈക്കിൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
സമൂഹത്തിൽ അടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങൾക്കു വിരുദ്ധമായി ബോധവത്കരണം അനിവാര്യമാണെന്ന് ആനന്ദ് മാർഗ് പ്രചാരക സംഘത്തിലെ സുനിൽ ആനന്ദ് അഭിപ്രായപ്പെട്ടു. "ചെറുപ്പം മുതലേ ആളുകളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി സ്കൂൾ പാഠപുസ്തകങ്ങളിൽ 'മന്ത്രവാദം' പോലുള്ള അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള ഒരു അദ്ധ്യായം ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെടുന്നു," എന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.