ബലി നൽകാനെത്തിച്ച ആടുകളെ മുസ്‌ലിം വേഷം ധരിച്ചെത്തി വാങ്ങിക്കൂട്ടിയ ജൈനരെ പരിഹസിച്ച് സ്വര ഭാസ്‌കർ

മുംബൈ: പെരുന്നാളിന് ബലി നൽകാനെത്തിച്ച ആടുകളെ വാങ്ങിക്കൂട്ടാൻ മുസ്‌ലിംകളെന്ന വ്യാജേനെ വേഷംമാറിയെത്തിയ ജൈന സംഘത്തെ പരിഹസിച്ച് നടി സ്വര ഭാസ്കർ. നിങ്ങൾ ‘രക്ഷകരാ’ണെങ്കിൽ ഇനിയങ്ങോട്ട് അവയുടെ ഉത്തരവാദിത്തവും നിങ്ങൾ ഏറ്റെടുക്കണമെന്ന് സ്വര സമൂഹമാധ്യമത്തിൽ കുറിച്ചു.

ആടുകളെ ‘രക്ഷകർ’ ദത്തെടുത്തിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഓമന വളർത്തുമൃഗങ്ങളായി സ്നേഹപൂർവ്വം അവയെ നോക്കുമെന്നും ഞാൻ കരുതുന്നു. നിങ്ങൾ ‘രക്ഷകരാ’ണെങ്കിൽ ഇനിയങ്ങോട്ട് അവയുടെ ഉത്തരവാദിത്തവും നിങ്ങൾ ഏറ്റെടുക്കണം -സ്വർ പറയുന്നു.

കൂടാതെ, സമാജ്‌വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദിനെ വിവാഹം കഴിച്ച സ്വര, മകൾ റാബിയക്കൊപ്പമുള്ള തങ്ങളുടെ ആദ്യ പെരുന്നാളിന്‍റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. തന്‍റെ വെജിറ്റേറിയൻ മാതാപിതാക്കൾ എല്ലാവർക്കും വേണ്ടി ഗംഭീരമായ പെരുന്നാൾ വിരുന്ന് സംഘടിപ്പിച്ചെന്നും സ്വര കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡൽഹിയിലാണ് സംഭവമുണ്ടായത്. ചാന്ദ്നി ചൗക്കിലെ ജൈന സമുദായത്തിലെ ഒരു സംഘം പെരുന്നാളിന് ബലി നൽകാനെത്തിച്ച ആടുകളെ വാങ്ങി ‘സംരക്ഷിക്കാൻ’ മുസ്‌ലിം വേഷധാരികളായി എത്തുകയായിരുന്നു. വാട്സ്ആപ്പിലൂടെ ധനസമാഹരണം നടത്തി 15 ലക്ഷം രൂപയുമായി എത്തി ചന്തയിൽനിന്നും 124 ആടുകളെ വാങ്ങി.

തുടർന്ന് സംഭവം ഇവർ തന്നെ മാധ്യമങ്ങളെ അറിയിക്കുകയും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തു. ഡൽഹി സ്വദേശിയായ അക്കൗണ്ടന്‍റ് വിവേക ജൈൻ എന്നയാളാണ് ഇതിന് നേതൃത്വം നൽകിയത്. കഴിയാവുന്നത്ര ആടുകളെ സംരക്ഷിക്കാൻ സാധിച്ചെന്നും ഇത് വലിയ വിജയമാണെന്നും ഇയാൾ പിന്നീട് പ്രതികരിച്ചു.

സംഭവത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. ഇതിനിടയിലാണ് നടി സ്വര ഭാസ്കർ പ്രതികരിച്ചിരിക്കുന്നത്.

Tags:    
News Summary - Swara Bhasker criticize Jains in Old Delhi dressed up as Muslims to buy Bakrid goats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.