'തമിഴ്നാടിനെ അപമാനിക്കുന്നത് അവസാനിപ്പിക്കണം'; മോദിയോട് സ്റ്റാലിൻ

ചെന്നൈ: ഒഡിഷയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുരിയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തമിഴ്നാട് വിരുദ്ധ പരാമർശത്തെ വിമർശിച്ച് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ.

ക്ഷേത്രത്തിന്‍റെ ആന്തരിക അറയുടെ (രത്നഭണ്ഡാർ) കാണാതായ താക്കോൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരിക്കുമെന്നാണ് മോദി ആരോപിച്ചത്. ദശലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്ന ജഗന്നാഥനും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ദൈവത്തോടുള്ള ഭക്തിക്കും ഒഡിഷയുമായുള്ള സൗഹാർദ്ദപരമായ ബന്ധത്തിനും പ്രധാനമന്ത്രിയുടെ പ്രസ്താവന അപമാനമാണെന്ന് സ്റ്റാലിൻ പറഞ്ഞു.

ഒഡിഷക്കും തമിഴ്‌നാടിനും ഇടയിൽ ശത്രുതയുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണോ മോദിയുടെ വാക്കുകളെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.ഡി ഭരണത്തിൽ ക്ഷേത്രം സുരക്ഷിതമല്ലെന്ന മോദിയുടെ വാദവും ആറ് വർഷമായി കാണാതായ താക്കോൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി എന്ന പരാമർശത്തേയും സ്റ്റാലിൻ വിമർശിച്ചു.

സംസ്ഥാനങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്തിയേക്കാവുന്ന മോദിയുടെ ഭിന്നിപ്പിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. നേരത്തെ ഉത്തർപ്രദേശിൽ മോദി നടത്തിയ പരാമർശങ്ങളെ അപലപിച്ചിട്ടും പ്രധാനമന്ത്രി തമിഴ്‌നാടിനെ അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു.

തമിഴ്‌നാട് സന്ദർശനവേളയിൽ പ്രധാനമന്ത്രി തമിഴ് ഭാഷയെയും ജനങ്ങളുടെ ബുദ്ധിയെയും പുകഴ്ത്തുകയും മറ്റുള്ളയിടങ്ങളിൽ തമിഴരെ കള്ളന്മാരായി ചിത്രീകരിക്കുകയും ചെയ്തന്നതായും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാടിനെയും തമിഴ് ജനതയേയും ഇകഴ്ത്തുന്നത് അവസാനിപ്പിക്കണമെന്നും സ്റ്റാലിൻ മോദിയോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Tamil Nadu CM MK Stalin Strongly Objects To PM Modi's Recent Remarks About Shree Jagannath Temple In Puri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.