ആർ.എൻ. രവി, എം.കെ സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർ ആർ.എൻ. രവിയും ഡി.എം.കെയും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നു. ഊട്ടിയിൽ തന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വൈസ് ചാൻസലർമാർ പങ്കെടുക്കുന്നത് തടയാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാന പൊലീസ് സേനയെ ഉപയോഗിച്ചുവെന്ന ആരോപണവുമായി ഗവർണർ രംഗത്തുവന്നതോടെയാണ് പുതിയ വിവാദം. കോളജുകളിലേക്കും സർവകലാശാലകളിലേക്കും വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാറും ഗവർണറും തമ്മിൽ തർക്കം.
‘സംസ്ഥാന സർവകലാശാലകളുടെ നിലവാരം ഉയരുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് എം.കെ. സ്റ്റാലിന് ഭയമുണ്ടോ... ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് ഭീഷണിയാകുമോ?’ ഗവർണർ ചോദിച്ചു. സ്റ്റാലിന്റെ പെരുമാറ്റം മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണെന്ന് ആർ.എൻ. രവി പറഞ്ഞു.
ഭീഷണിപ്പെടുത്തൽ ബി.ജെ.പിയുടെ ഡി.എൻ.എയിലുണ്ട് എന്നാണ് ഇതിന് ഡി.എം.കെയുടെ മറുപടി. ബി.ജെ.പിയുടെ നിർദേശപ്രകാരം നിയമങ്ങൾ നടപ്പാക്കുന്നത് മനഃപൂർവം വൈകിപ്പിക്കാനും സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താനും ഗവർണർ ശ്രമിക്കുന്നുവെന്ന് ഡി.എം.കെ ആരോപിച്ചു. “സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാനുള്ള ധൈര്യം ഞങ്ങൾക്കുണ്ട്. ഗവർണർമാരെ സംസ്ഥാന സർവകലാശാലകളുടെ ചാൻസലർമാരാക്കാൻ ഭരണഘടനയിൽ ഒരു വ്യവസ്ഥയുമില്ല” - ഉന്നത വിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയാൻ പറഞ്ഞു.
ഗവർണറുടെ സമ്മേളനത്തിൽനിന്ന് നിലവിലുള്ള വൈസ് ചാൻസലർമാർ വിട്ടുനിന്നതിനുള്ള കാരണം സുപ്രീംകോടതി വിധി മനസിലാക്കി പരിപാടി ബഹിഷ്കരിക്കാൻ അവർ തീരുമാനിച്ചതിനാലാണെന്നും ചെഴിയാൻ വ്യക്തമാക്കി. തമിഴ്‌നാട് സർക്കാർ പാസാക്കിയ പത്ത് ബില്ലുകൾക്ക് (രണ്ട് തവണ വീതം) അനുമതി നിഷേധിച്ചതിൽ സുപ്രീംകോടതി ഈ മാസമാദ്യം ഗവർണർക്ക് ശാസന നൽകിയിരുന്നു. ദലിതർക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഗവർണർ രവിയുടെ പ്രസ്താവനയെ വിമർശിച്ച് കഴിഞ്ഞയാഴ്ച ഡി.എം.കെ രംഗത്തുവന്നിരുന്നു.
ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി വിളിച്ച സർവകലാശാല വൈസ് ചാൻസലർമാരുടെ ദ്വിദിന സമ്മേളനം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വികസനത്തിന് വിദ്യാഭ്യാസ മേഖലയുടെ വളർച്ച അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദം ആഗോള ഭീഷണിയാണ്. ഇതിന് രാജ്യത്തിന്റെ വികസനം തടയാൻ കഴിയില്ല. ഗുരുകുല വിദ്യാഭ്യാസമാണ് മെച്ചപ്പെട്ട രീതിയെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ ഊട്ടി രാജ്ഭവനിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ 32 സ്വകാര്യ, കേന്ദ്ര സർവകലാശാലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. അതേസമയം തമിഴ്‌നാട് സർക്കാറിന് കീഴിലുള്ള 17 സർവകലാശാലകളിൽനിന്നുള്ള വൈസ് ചാൻസലർമാരോ പ്രതിനിധികളോ പങ്കെടുത്തില്ല. സംസ്ഥാന സർക്കാറിന്റെയും പൊലീസിന്റെയും ഭീഷണി മൂലമാണ് ഒരു വിഭാഗം വി.സിമാർ വിട്ടുനിന്നതെന്ന് ഗവർണർ ആരോപിച്ചു.
സമ്മേളനത്തിനെതിരെ ഊട്ടിയിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയ കോൺഗ്രസ്, വിടുതലൈ ശിറുതൈകൾ കക്ഷി, സി.പി.ഐ, സി.പി.എം, ആദി തമിഴർ പേരവൈ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ‘ഗെറ്റ് ഔട്ട് ഗവർണർ’ പ്ലക്കാർഡുകളുമായി ‘തന്തൈ പെരിയാർ ദ്രാവിഡ കഴകം’ പ്രവർത്തകർ റോഡ് തടയൽ സമരം നടത്തി. ചെന്നൈയിൽ ശാസ്ത്രി ഭവന്റെ മുന്നിൽ സി.പി.എം സംഘടിപ്പിച്ച പിക്കറ്റിങ്ങിന് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം യു. വാസുകി, തമിഴ്‌നാട് സെക്രട്ടറി പി. ഷൺമുഖം തുടങ്ങിയവർ നേതൃത്വം നൽകി.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ വെള്ളിയാഴ്ച രാവിലെ 10.35ന് ഡൽഹിയിൽനിന്ന് വിമാനത്തിൽ കോയമ്പത്തൂരിലെത്തി. അവിടെനിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് ഊട്ടിയിലേക്ക് തിരിച്ചത്. പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിലും ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ചും ഊട്ടിയിൽ വിപുലമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.