ചെന്നൈ: രാജ്യത്തെ കർഷകർക്ക് ധനസഹായം ലഭ്യമാക്കുന്ന പി.എം കിസാൻ പദ്ധതിയിൽ വൻ അഴിമതി നടന്നതായി തമിഴ്നാട് സർക്കാറിൻെറ കണ്ടെത്തൽ. കർഷകർക്ക് ലഭിക്കേണ്ട 110 കോടി രൂപയാണ് ചില ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ചേർന്ന് തട്ടിയെടുത്തത്.
സംസ്ഥാനത്ത് പി.എം കിസാൻ പദ്ധതിയിൽ പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ആഗസ്റ്റിൽ വൻതോതിൽ ഉയർന്നിരുന്നതായി തമിഴ്നാട് പ്രിൻസിപ്പൽ സെക്രട്ടറി ഗഗൻദീപ് സിങ് ബേദി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സർക്കാർ ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്ത് നിരവധിപേരെ പട്ടികയിൽ കൂട്ടിച്ചേർത്തതായി കണ്ടെത്തി. സർക്കാർ ഉദ്യോഗസ്ഥർ ലോഗിൻ ഐഡിയും പാസ്വേർഡും ബ്രോക്കർമാർക്ക് നൽകി കൂടുതൽ പേരെ പട്ടികയിൽ ഉൾപ്പെടുത്തിയ ശേഷം തുക തട്ടിയെടുക്കുകയുമായിരുന്നു.
അഴിമതി കണ്ടെത്തിയതിനെ തുടർന്ന് 80 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായും 34 പേരെ സസ്പെൻസ് ചെയ്തതായും പ്രിൻസിപ്പൽ സെക്രട്ടറി കൂട്ടിച്ചേർത്തു. സംഭവത്തിൽ ബ്രോക്കർമാരും ഏജൻറുമാരുമായ 18 പേരെ അറസ്റ്റ് ചെയ്തു. 110 കോടിയിൽ 32 കോടി സർക്കാർ വീണ്ടെടുത്തു. ബാക്കി തുക 40 ദിവസത്തിനകം കണ്ടെടുക്കുമെന്നും അേദ്ദഹം പറഞ്ഞു.
ഒരു പ്രത്യേക കാലയളവിൽ ചില ജില്ലയിൽ പുതുതായി അർഹരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം ഉയർന്നതോടെയാണ് തട്ടിപ്പിനെക്കുറിച്ച് സംശയം ഉയർന്നത്. കല്ലാക്കുറിച്ചി, വില്ലുപുരം, ഗൂഡല്ലൂർ, തിരുവണ്ണാമലൈ, വെല്ലൂർ, റാണിപേട്ട്, സേലം, ധർമപുരി, കൃഷ്ണഗിരി, ചെങ്കൽപേട്ട് എന്നീ ജില്ലകളിലാണ് തട്ടിപ്പ് അരങ്ങേറിയത്. ആനുകൂല്യം ലഭിച്ചതായി രേഖകളിൽ കാണിക്കുന്ന പലർക്കും പദ്ധതിയിയെക്കുറിച്ച് കേട്ടുകേൾവി പോലുമില്ല.
ആഗസ്റ്റിൽ കല്ലാക്കുറിച്ചിയിൽ പി.എം കിസാൻ പദ്ധതിയിൽ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് മുതിർന്ന രണ്ടു മുതിർന്ന ഉദ്യോഗസ്ഥരെയും സഹായികളായ ജീവനക്കാരെയും സസ്പെൻഡ് ചെയ്തിരുന്നു. കർഷകർ അല്ലാത്തവരെയും പദ്ധതി അർഹരുടെ പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകിയതിന് അമുദ, രാജശേഖരൻ എന്നിവരെയും 15 അംഗ സഹായികളുടെ സംഘത്തെയുമാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിൽ പി.എം കിസാൻ പദ്ധതി വഴി ലഭിക്കുന്ന ആനുകൂല്യ തുകയായ 6000ത്തിൽനിന്ന് കമിഷൻ വാങ്ങിയതായും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.