ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കത്തിനെതിരെ പൊതുയോഗങ്ങളുമായി ഡി.എം.കെ

ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാറിന്‍റെ ശ്രമത്തിനെതിരെ തമിഴ്നാട്ടിൽ പൊതുയോഗങ്ങൾ നടത്താനൊരുങ്ങി ഡി.എം.കെ. നവംബർ നാലിനാണ് സംസ്ഥാന വ്യാപകമായി പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നത്. ഹിന്ദിവൽക്കരണത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ പാസാക്കിയ പ്രമേയം ചർച്ചചെയ്യാനും വിശദീകരിക്കാനുമാണ് പൊതുയോഗങ്ങൾ നടത്തുന്നതെന്ന് ഡി.എം.കെ അറിയിച്ചു.

ഒക്ടോബർ 18നാണ് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കത്തിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയത്. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കരുതെന്നും എല്ലാ ഭാഷകളേയും തുല്യതയോടെ കാണണമെന്നും കേന്ദ്ര സർക്കാറിനോട് പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ, ഇംഗ്ലീഷിനുപകരം ഹിന്ദി ഉപയോഗിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ജനങ്ങൾക്കുമേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കുമെന്നും ഇത് ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Tamil Nadu To Hold Statewide Meetings Against Hindi "Imposition"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.