ചെന്നൈ: കവരൈപേട്ട ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് സതേൺ സർക്കിൾ റെയിൽവേ സേഫ്റ്റി (സി.ആർ.എസ്) കമീഷണർ എ.എം. ചൗധരി സംഭവസ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. മൈസൂരു-ദർഭംഗ ബാഗ്മതി വീക്ലി എക്സ്പ്രസ് വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് അപകടത്തിൽപ്പെട്ടത്. ബോഗികൾ പാളം തെറ്റി എ.സി കോച്ചുകൾക്ക് തീപിടിക്കുകയായിരുന്നു. ട്രെയിനിൽ 1700 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു.
പൊന്നേരി- ഗുമ്മിഡിപൂണ്ടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പ്രധാന ലൈനിൽ പോകുന്നതിന് പച്ച സിഗ്നൽ ലഭിച്ച ട്രെയിൻ ചരക്ക് തീവണ്ടി പാർക്ക് ചെയ്തിരുന്ന കവരൈപ്പേട്ട സ്റ്റേഷനിലെ ലൂപ് ലൈനിലേക്ക് ഓടിക്കയറുകയായിരുന്നു. മെയിൻ ലൈനിലേക്ക് സിഗ്നൽ നൽകിയിട്ടും ട്രെയിൻ ലൂപ് ലൈനിലേക്ക് വഴിതിരിഞ്ഞത് എങ്ങനെയെന്ന് കണ്ടെത്താനാണ് മുഖ്യമായും അന്വേഷണം. ബന്ധപ്പെട്ട ജീവനക്കാരുടെ അശ്രദ്ധ, ട്രാക്കുകൾ, ലോക്കോമോട്ടിവ്, സിഗ്നലിങ് പോയന്റുകളും ബ്ലോക്കുകളും, സ്റ്റേഷൻ ഇലക്ട്രോണിക് ഇന്റർലോക്കിങ് സിസ്റ്റങ്ങൾ, നിയന്ത്രണ പാനലുകൾ, മറ്റു പ്രധാന സുരക്ഷ സംവിധാനങ്ങൾ തുടങ്ങിയവയും റെയിൽവേ സുരക്ഷ കമീഷണർ പരിശോധിക്കും. രണ്ട് ലോക്കോ പൈലറ്റുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ മുപ്പതോളം റെയിൽവേ ജീവനക്കാരുടെ മൊഴിയെടുത്തു.
കവരൈപേട്ട സ്റ്റേഷൻ മാസ്റ്റർ എം. മുനി പ്രസാദ് ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊരുക്കുപേട്ട റെയിൽവേ പൊലീസ് നാല് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അപകടസ്ഥലത്ത് നട്ടുകളും ബോൾട്ടുകളും അഴിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയത് ദുരൂഹത ഉയർത്തിയിട്ടുണ്ട്. ആർ.പി.എഫ്, തമിഴ്നാട് പൊലീസ് എന്നിവർക്ക് പുറമെ ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) സംഭവം അന്വേഷിക്കുന്നുണ്ട്.
അപകടത്തെക്കുറിച്ചോ അനുബന്ധ കാര്യങ്ങളെക്കുറിച്ചോ വിവരമുള്ളവർക്ക് കമീഷണർ സുരക്ഷ കമീഷണർ എ.എം. ചൗധരിക്ക് മുമ്പാകെ തെളിവ് നൽകാം. ഒക്ടോബർ 16, 17 തീയതികളിൽ ചെന്നൈ പാർക്ക് ടൗൺ എൻ.ജി.ഒ അനക്സ് അഞ്ചാം നിലയിലെ ഡി.ആർ.എം മീറ്റിങ് ഹാളിലാണ് സിറ്റിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.