ന്യൂഡൽഹി: വോട്ടുയന്ത്രത്തെക്കുറിച്ച സംശയങ്ങൾ ചർച്ചചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ ഡൽഹിയിൽ വെള്ളിയാഴ്ച സർവകക്ഷി യോഗം വിളിച്ചിരിക്കേ, ഇൗ വിഷയത്തിൽ ആം ആദ്മി പാർട്ടി (എ.എ.പി) കമീഷനുമായി വെല്ലുവിളി. വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്താൻ കഴിയുന്ന രീതി ഡൽഹി നിയമസഭ സമ്മേളനത്തിൽ എ.എ.പി എം.എൽ.എയും എൻജിനീയറുമായ സൗരവ് ഭരദ്വാജ് പ്രദർശിപ്പിച്ചു. ഡമ്മി വോട്ടുയന്ത്രത്തിലാണ് ക്രമക്കേടിെൻറ പ്രദർശനം നടന്നത്. അതിനു പകരം തങ്ങളുടെ പക്കലുള്ള യഥാർഥ യന്ത്രങ്ങളിൽ നടത്താൻ കമീഷൻ വൃത്തങ്ങൾ ആം ആദ്മി പാർട്ടിയെ വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുത്ത എ.എ.പി, കമീഷെൻറ യന്ത്രങ്ങളിലും കൃത്രിമം നടത്തി കാണിക്കാമെന്ന് പ്രതികരിച്ചു.
വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്താമെന്ന് തെളിയിക്കാൻ കഴിയുന്നവർക്ക് അതിന് മേയ് ആദ്യം അവസരമൊരുക്കുമെന്ന് കമീഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീട് ആ തീയതി മേയ് അവസാനത്തേക്ക് മാറ്റി. ഇതിനിടയിലാണ് ഒരു പാർട്ടിക്ക് കൂടുതൽ വോട്ടു കിട്ടുന്ന വിധം വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്താമെന്ന വാദവുമായി എ.എ.പി രംഗത്തിറങ്ങിയത്. വോട്ടു ചെയ്തവർക്ക് രസീത് നൽകാൻ കഴിയുന്ന വിവിപാറ്റ് ഘടിപ്പിക്കുന്നതുവരെ നിലവിലെ വോട്ടുയന്ത്രങ്ങൾ ഉപയോഗിക്കരുതെന്നും പകരം, ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നുമാണ് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നത്. വോട്ടുകൃത്രിമ പ്രകടനത്തിനു പിന്നാലെ, ഇൗ ആവശ്യം ഉന്നയിക്കുന്ന പ്രമേയവും ഡൽഹി നിയമസഭ പാസാക്കി.
വോട്ടുയന്ത്രത്തിനെതിരെ ഏതെങ്കിലും നിയമസഭ പ്രമേയം പാസാക്കുന്നത് ഇതാദ്യമാണ്. രാഷ്ട്രപതിക്കും തെരഞ്ഞെടുപ്പു കമീഷനും വോട്ടുയന്ത്രത്തിനെതിരായ നിവേദനം സമർപ്പിക്കാനും നിയമസഭ സമ്മേളനം തീരുമാനിച്ചു. വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്താൻ കഴിയുന്നുവെന്ന എ.എ.പിയുടെ വാദം തെരഞ്ഞെടുപ്പു കമീഷെൻറ നിഷ്പക്ഷതയും വിശ്വാസ്യതയും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ്, തെളിയിക്കാനുള്ള കമീഷെൻറ വെല്ലുവിളി.
അരവിന്ദ് കെജ്രിവാളിനെതിരായ അഴിമതി ആരോപണം ഡൽഹിയിൽ ചർച്ച വിഷയമായിരിക്കേ, അതിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ എ.എ.പി കണ്ടെത്തിയ ഉപായമാണ് നിയമസഭയിലെ വോട്ടുയന്ത്ര കൃത്രിമ പ്രദർശനമെന്ന് വിമർശനമുണ്ട്. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ തനിക്കെതിരെ ഉയർന്നിരിക്കുന്ന അഴിമതി ആരോപണങ്ങൾക്ക് അരവിന്ദ് കെജ്രിവാൾ മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.
അതേസമയം, നിയമസഭ സമ്മേളനം ഇതിനു വേദിയാക്കിയത് നിയമനടപടികളിൽനിന്ന് രക്ഷപ്പെടാനാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യു.പി നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ അസാധാരണ വിജയത്തോടെയാണ് വോട്ടുയന്ത്രത്തിൽ കൃത്രിമം നടക്കുന്നുവെന്ന സംശയം വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.