ന്യൂഡൽഹി: ബി.ജെ.പി നേട്ടമുണ്ടാക്കിയ നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങൾക്കു പിന്നാലെ കോൺഗ്രസിനോട് മുഖം കറുപ്പിച്ച് ഇൻഡ്യ മുന്നണിയിലെ പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസിന്റെ തുടർസമീപനം അറിയാൻ കാത്തുനിൽക്കുന്നതിനാൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച വിളിച്ച ഇൻഡ്യ നേതൃയോഗത്തിന് പ്രമുഖ നേതാക്കളെല്ലാം എത്തിയെന്നുവരില്ല. അതേസമയം, ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചുനിൽക്കണമെന്ന താൽപര്യം പ്രകടിപ്പിച്ചുകൊണ്ടു തന്നെയാണ് മുഖം കറുപ്പിക്കൽ.
ഒറ്റ സീറ്റും കിട്ടാതെപോയ സമാജ്വാദി പാർട്ടി, സി.പി.എം, ജനതദൾ-യു എന്നീ പാർട്ടികളാണ് പ്രധാനമായും കോൺഗ്രസിന്റെ വല്യേട്ടൻ കളിയിൽ അസ്വസ്ഥത പ്രകടിപ്പിച്ചത്. ജനങ്ങളുടേതാണ്, കോൺഗ്രസിന്റേതല്ല തോൽവിയെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രതികരിച്ചത്. തെറ്റു തിരുത്തി ഒരുമയോടെ മെച്ചപ്പെട്ട തന്ത്രവും ഏകോപനവും സീറ്റുധാരണയുമായി മുന്നോട്ടുപോയാൽ ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയർത്താമെന്ന പരസ്യമായ ഗുണദോഷവും വിവിധ പാർട്ടി നേതാക്കൾ നൽകി.
ഫലം പുറത്തുവന്നതിനു പിന്നാലെ, തിങ്കളാഴ്ച തുടങ്ങിയ ശീതകാല സമ്മേളനത്തിൽ സർക്കാറിനെതിരെ സ്വീകരിക്കേണ്ട തന്ത്രം ചർച്ച ചെയ്യാൻ പാർലമെന്റിലെ ഖാർഗെയുടെ മുറിയിൽ നടന്ന യോഗത്തിൽ കാര്യമായ തെരഞ്ഞെടുപ്പ് വിശകലനമൊന്നും നടന്നില്ല. രണ്ടു ഡസൻ വരുന്ന ഇൻഡ്യ പ്രസ്ഥാനത്തിലെ എല്ലാ പാർട്ടികളും പങ്കെടുത്തതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഇൻഡ്യ കക്ഷികളിൽ നിന്നുള്ള പരാതികൾ മുൻനിർത്തി കോൺഗ്രസ് ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് പങ്കിടൽ നടന്നിരുന്നെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പു ചിത്രം ഇതായിരുന്നില്ലെന്നാണ് മമത ബാനർജി പറഞ്ഞത്. സീറ്റ് പങ്കിടണമെന്ന നിർദേശം തൃണമൂൽ കോൺഗ്രസ് നേരത്തേ മുന്നോട്ടുവെച്ചിരുന്നു. ആശയംകൊണ്ടു മാത്രം കാര്യമായില്ല; ബി.ജെ.പിയെ നേരിടാൻ തന്ത്രവും വേണം. സീറ്റ് പങ്കുവെക്കുന്നതിൽ ക്രമീകരണമുണ്ടായാൽ 2024ൽ ബി.ജെ.പി അധികാരത്തിൽ വരില്ല. പറ്റിയ തെറ്റിൽനിന്ന് പഠിച്ച് തിരുത്താൻ ഒന്നിച്ചു പ്രവർത്തിക്കുമെന്നും മമത വ്യക്തമാക്കി.
ബി.ജെ.പിയെപ്പോലൊരു പാർട്ടിയെ തോൽപിക്കാൻ അവരുടെ തന്ത്രങ്ങൾ തിരിച്ചറിഞ്ഞ് ചിട്ടയോടെ നേരിടണമെന്നും വ്യക്തമായ തയാറെടുപ്പ് വേണമെന്നും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഇൻഡ്യ രൂപവത്കരിച്ച സമയത്തെ നിലപാടിലേക്ക് തിരിച്ചെത്തണം. ഓരോ മേഖലയിൽ ശക്തമായ പാർട്ടികളെ മറ്റുള്ളവർ പിന്തുണക്കുന്ന വിധം ക്രമീകരണമുണ്ടായാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ മാറ്റമുണ്ടാകും.
മറ്റുള്ളവരെ ഒപ്പം കൂട്ടാൻ തയാറാകാത്ത അധികാരക്കൊതിയാണ് കോൺഗ്രസിന്റെ തോൽവിക്ക് കാരണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. മധ്യപ്രദേശിൽ അഖിലേഷ് യാദവ് പറഞ്ഞതോ രാജസ്ഥാനിൽ സി.പി.എം പറഞ്ഞതോ കോൺഗ്രസ് കേട്ടില്ല. രാജസ്ഥാനിൽ തങ്ങളുടെ ശക്തിക്കൊപ്പം കോൺഗ്രസ് നിന്നിരുന്നെങ്കിൽ സി.പി.എം തോൽക്കില്ലായിരുന്നു. ബി.ജെ.പിയെ തോൽപിക്കാൻ ഹനുമാൻ സേവകനായി ചമയുകയാണ് മധ്യപ്രദേശിൽ കമൽനാഥ് ചെയ്തത്.
അടിസ്ഥാനപരമായി താഴെത്തട്ടിൽ ഒന്നും കാണിക്കാനില്ലാതെ യോഗം കൂടിയിട്ടെന്ത് എന്ന ചോദ്യമാണ് ജനതാദൾ-യു ഉയർത്തിയത്. ജനങ്ങൾക്ക് മുന്നിൽ ഇൻഡ്യ, കൃത്രിമ ഐക്യമായി അനുഭവപ്പെടുന്നു. ദേശീയ തലത്തിൽ മാത്രമാണ് സഖ്യം, സംസ്ഥാന തലത്തിൽ വെവ്വേറെയാണ് മത്സരമെന്നൊന്നും പറഞ്ഞാൽ ജനം ഉൾക്കൊള്ളില്ല. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുവരാൻ മുന്നിട്ടിറങ്ങുക മാത്രമാണ് ചെയ്തതെന്നും ജെ.ഡി.യു വക്താവ് നീരജ് കുമാർ പറഞ്ഞു.
ഇൻഡ്യ സഖ്യത്തിന്റെ കെട്ടുറപ്പിനെ ഇപ്പോഴത്തെ ഫലങ്ങൾ ബാധിക്കില്ലെന്ന് നാഷനൽ കോൺഫറൻസ് നേതാവും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല നിരീക്ഷിച്ചു. തോൽവിയിൽനിന്ന് പാഠം ഉൾക്കൊണ്ട് പ്രതിപക്ഷ സഖ്യം കൂടുതൽ അധ്വാനിച്ചേ പറ്റൂ -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.