ടെസ്‌ല ഇന്ത്യൻ കാർ വിപണിയിലേക്ക്; ഉദ്യോഗാർഥികളെ ക്ഷണിച്ച് പരസ്യം

ടെസ്‌ല ഇന്ത്യൻ കാർ വിപണിയിലേക്ക്; ഉദ്യോഗാർഥികളെ ക്ഷണിച്ച് പരസ്യം

ന്യൂഡൽഹി: മോദി - മസ്ക് കൂടിക്കാഴ്ചക്ക് പിന്നാലെ ഡൽഹിയിലും മുംബൈയിലും ടെസ്‌ല നിയമന നടപടികൾ തുടങ്ങി. 13 പോസ്റ്റുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ച് ലിങ്ക്ഡ്ഇന്നിൽ കമ്പനി പരസ്യം നൽകിയിട്ടുണ്ട്. ഇതോടെ ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് ടെസ്‌ല കാലുവെക്കുമെന്ന കാര്യം ഉറപ്പായി. കസ്റ്റമർ സർവീസിലും ബാക്ക്-എൻഡ് റോളുകളിലുമാണ് റിക്രൂട്ട്മെന്‍റ് നടത്തുന്നത്. തിങ്കളാഴ്ചയാണ് ടെസ്‌ലയുടെ ലിങ്ക്ഡ്ഇൻ പേജിൽ പരസ്യ വിജ്ഞാപനം നൽകിയത്.

സർവീസ് ടെക്നീഷ്യന്മാർ, കസ്റ്റമർ എൻഗേജ്മെന്‍റ് മാനേജർ, ഡെലിവറി ഓപറേഷൻസ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കമ്പനിയുട മുംബൈ, ഡൽഹി ശാഖകളുടെ പ്രവർത്തനം വൈകാതെ തുടങ്ങുമെന്നും ഇതിന്‍റെ മുന്നോടിയായാണ് റിക്രൂട്ട്മെന്‍റ് നടപടികളെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനുള്ള താൽപര്യം നേരത്തെ തന്നെ ടെസ്‌ല പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഉയർന്ന ഇറക്കുമതി തീരുവയാണ് കമ്പനിക്ക് വെല്ലുവിളിയായത്. ആഡംബര എസ്.യു.വികൾക്ക് അടുത്തിടെ സർക്കാർ തീരുവ കുറച്ചതോടെയാണ് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരാൻ ടെസ്‌ല തീരുമാനിച്ചത്. 110 ശതമാനമായിരുന്ന ആഡംബര നികുതി, 70 ശതമാനമാക്കി വെട്ടിക്കുറച്ചു.

ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ പിന്തുണ നൽകുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച രീതിയിൽ ഗുണമുണ്ടായിട്ടില്ല. അയൽ രാജ്യമായ ചൈന ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ വർഷം ചൈനയിൽ 11 ദശലക്ഷം യൂണിറ്റ് ഇ.വി വിറ്റഴിച്ചപ്പോൾ, ഇന്ത്യയിൽ അത് ഒരു ലക്ഷത്തിനടുത്ത് മാത്രമാണ്. ടെസ്‌ല വിപണിയിലേക്ക് കടന്നുവരുമ്പോൾ ഈ നമ്പറുകളിൽ വലിയ മാറ്റം വരുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Tesla Begins Hiring In India After PM Modi Elon Musk Meet In US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.