മുംബൈ: സൂറത്തിൽ ജി.എസ്.ടിെക്കതിരെ പണിമുടക്കി പ്രതിഷേധിക്കുന്ന വസ്ത്രവ്യാപാരികൾ പ്രധാനമന്ത്രിപദത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചവർ. ജി.എസ്.ടിെക്കതിരായ ഇവരുടെ സമരം മുറുകുന്നത് ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും വിഷമവൃത്തത്തിലാക്കിയതായാണ് റിപ്പോർട്ട്. സമരത്തിനു പിന്നിലെ സൂറത്ത് ജി.എസ്.ടി സംഘർഷ് സമിതിക്ക് നേതൃത്വം നൽകുന്ന താരാചന്ദ് കസത്ത് സൂറത്ത് സിറ്റി ബി.ജെ.പി നിർവാഹക സമിതി അംഗമാണ്.
ഫെഡറേഷൻ ഒാഫ് സൂറത്ത് ടെക്സ്റ്റൈൽ ട്രേേഡഴ്സ് അസോസിയേഷൻ മുൻ അധ്യക്ഷൻ സഞ്ജയ് ജഗ്നാനി അടക്കമുള്ള ബി.ജെ.പി നേതാക്കളും ജി.എസ്.ടി സംഘർഷ് സമിതിക്കൊപ്പമുണ്ട്. നവസാരി എം.പി സി.ആർ. പാട്ടീലിെൻറ ശക്തി-സാമ്പത്തിക സ്രോതസ്സുകൾ സൂറത്തിലെ വസ്ത്രവ്യാപാരികളാണ്. എന്നാൽ, ജി.എസ്.ടിയോടെ പാട്ടീലിനെ ഇവർ കൈവിട്ടു.
സമരം അവസാനിപ്പിച്ച് പ്രധാനമന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള പാട്ടീലിെൻറ ഇടപെടലിനെ വ്യാപാരികൾ മുഖവിലക്കെടുത്തില്ല. തിങ്കളാഴ്ച പൊലീസ് ലാത്തിച്ചാർജ് നടത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചതും വിജയംകണ്ടില്ല. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇൗ സംഭവങ്ങൾ ബി.ജെ.പി നേതൃത്വത്തെ അലട്ടുന്നതായാണ് വിവരം.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തും ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും ‘അബ് കി ബാർ മോദി സർക്കാർ’, ‘സബ് കാ സാത്ത് സബ് കാ വികാസ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പതിച്ച സാരികൾ രംഗത്തിറക്കിയത് ജി.എസ്.ടിെക്കതിരെ ഇപ്പോൾ സമരം നടത്തുന്ന സൂറത്തിലെ വസ്ത്രവ്യാപാരികളാണ്.
സൂറത്ത് നഗരത്തിൽ 165ഒാളം വസ്ത്രകമ്പോളങ്ങളിലായി ഏതാണ്ട് 70,000 കടകളുണ്ടെന്നാണ് കണക്ക്. പ്രതിദിനം 135 കോടി രൂപയുടെ കച്ചവടമാണ് നടന്നിരുന്നത്. ജൂലൈ ഒന്നുവരെ ആദായ നകുതി മാത്രമായിരുന്നു ഇവർ അടച്ചത്. അഞ്ചു ശതമാനം ജി.എസ്.ടിയും ഇനി മുതൽ അടക്കണം. നോട്ട് അസാധു വരുത്തിയ ക്ഷീണം മാറുംമുമ്പാണ് ജി.എസ്.ടി ഭാരം കേന്ദ്രം അടിച്ചേൽപിക്കുന്നതെന്ന് സംഘടന നേതാക്കൾ പറയുന്നു. നികുതിയിൽനിന്ന് ഒഴിവാക്കണമെന്നാണ് ഇവരുന്നയിക്കുന്ന ഒരാവശ്യം. സമരം നടത്തുന്നവർക്കു പിന്നിൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.