തമിഴ് നടൻ വിജയ് സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങാൻ പദ്ധതിയിടുന്നു എന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് ദളപതി വിജയ് ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. 2024 ദീപാവലി റിലീസ് ആയാണ് വെങ്കട്ട് പ്രഭു ചിത്രം പുറത്തിറങ്ങുക. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. പുതിയ വാർത്തകളോട് വിജയോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല.
വിജയ് നടത്തിയ സമീപകാല പ്രവർത്തനങ്ങളാണ് രാഷ്ട്രീയ പ്രവേശന വാർത്തകൾക്ക് ശക്തിപകർന്നത്. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ പണം വാങ്ങി വോട്ട് ചെയ്യുന്നതിനെതിരെ വിജയ് സംസാരിച്ചിരുന്നു. ഇത് വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നു എന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. നടൻ മൂന്ന് വർഷത്തേക്ക് അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ലിയോ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് വിജയ് ആരാധകർ.
അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ നടനെതിരേ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവായ കെ രാജൻ. തിയറ്ററിൽ എത്തുന്നവർക്ക് ടിക്കറ്റ് നിരക്ക് കുറച്ച് നൽകാൻ പോലും സാധിച്ചില്ലെങ്കില്‍ എന്തിനാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നാണ് കെ. രാജൻ ചോദിക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കുമെന്നാണ് വിജയ് അവകാശപ്പെടുന്നത്. എന്നാൽ മറുവശത്ത് സിനിമാ ടിക്കറ്റുകൾ വലിയ വിലയ്ക്ക് വിൽക്കുകയാണ്.
രാഷ്ട്രീയത്തിനായി വിജയ് സിനിമാ ജീവിതം ഉപേക്ഷിക്കുന്നുവെന്ന് പറയപ്പെടുന്നുണ്ട്. പക്ഷെ അദ്ദേഹം നല്ലൊരു നടനാണ്, മികച്ച നടനായി തന്നെ തുടരണം എന്നാണ് എന്റെ അഭിപ്രായം. ഇത്രയും കേട്ടിട്ടും വിജയ്ക്ക് രാഷ്ട്രീയത്തിൽ വരണമെങ്കിൽ വരാം. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ ആർക്കും തടയാനാകില്ല. വിജയ് നല്ല രാഷ്ട്രീയക്കാരനാണെങ്കിൽ, നല്ലത് ചെയ്താല്‍ ആളുകൾ അദ്ദേഹത്തിന്റെ പുറകെ വരുമെന്നും രാജൻ പറഞ്ഞു.
നിലവിൽ ലോകേഷ് കനകരാജിന്റെ ലിയോ ആണ് വിജയ്‌യുടെ ചിത്രീകരണം പൂർത്തിയായ ചിത്രം. ലിയോയ്ക്കായി ഏറെ ആകാംക്ഷയോടെയാണ് സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നതും. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ. കശ്മീർ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഒക്ടോബറിലായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.