ഗുവാഹതി: മതേതര-ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ചെറുത്ത് അസം തിരിച്ചുപിടിക്കാനുള്ള കോൺഗ്രസ്-എ.യു.ഡി.എഫ് സഖ്യത്തിെൻറ സ്വപ്നം തകർത്ത് ബി.ജെ.പി സഖ്യം ഭരണത്തുടർച്ച നേടി. 110 സീറ്റുകളിൽ 75 എണ്ണത്തിൽ മേൽകൈ നേടിയാണ് സർബാനന്ദ് സോണോവാളിെൻറ നേതൃത്വത്തിൽ ബി.ജെ.പി വീണ്ടും അധികാരമേറുന്നത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 64 സീറ്റാണ് വേണ്ടത്.
56 സീറ്റിൽ ബി.ജെ.പിയും സഖ്യകക്ഷിയായ അസം ഗണപരിഷത്ത് 11 സീറ്റിലും യുനൈറ്റഡ് പീപ്ൾസ് പാർട്ടി ലിബറൽ എട്ടിടത്തുമാണ് മുന്നേറിയത്. കോൺഗ്രസ് 18 സീറ്റിലും എ.ഐ.യു.ഡിഎഫ് 11 സീറ്റിലും ബോഡോലാൻഡ് പീപ്ൾസ് ഫ്രണ്ട് ഒരിടത്തും ജയിച്ചു. ജയിലിൽനിന്ന് മത്സരിച്ച പൗരത്വസമര നേതാവ് അഖിൽ ഗൊഗോയ് വിജയം കണ്ടു.
രാജ്യത്തെ പിടിച്ചുകുലുക്കിയ പൗരത്വ സമരത്തിന് തുടക്കമിട്ട അസം അന്ന് കേന്ദ്രസർക്കാറിനെതിരായ കനത്ത പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചെങ്കിലും അതൊന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നു. വൻ സമരങ്ങൾ നടന്ന അപ്പർ അസം എൻ.ഡി.എ പൂർണമായി കൈപ്പിടിയിലൊതുക്കി.
മേൽജാതി ഹിന്ദുവോട്ടുകൾക്ക് പുറമെ മോറ, മിസിങ്, റഭ, ദിയോറി തുടങ്ങിയ ചെറുവിഭാഗങ്ങളെയും ഒപ്പം നിർത്താൻ അവർക്കായി. വോട്ട് ഭിന്നിപ്പ് ഒരളവോളം തടയാൻ കഴിഞ്ഞെങ്കിലും ബദറുദ്ദീൻ അജ്മലും കോൺഗ്രസും ചേർന്ന രാജ്യവിരുദ്ധ അവിശുദ്ധ സഖ്യം എന്ന ബി.ജെ.പി പ്രചാരണത്തെ ഫലപ്രദമായി ചെറുക്കാൻ കോൺഗ്രസ്-എ.ഐ.യു.ഡി.എഫ് കൂട്ടുകെട്ടിനായില്ല.
ലോവർ അസമിലും ബാറക് താഴ്വരയിലും മാത്രമാണ് അവർക്ക് സ്വാധീനമുണ്ടാക്കാനായത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ഭരണപക്ഷത്തിെൻറ സ്വാധീന മുഖങ്ങളായപ്പോൾ പ്രതിപക്ഷത്തിന് ഉയർത്തിക്കാണിക്കാൻ പറ്റിയ നേതാക്കളുമുണ്ടായില്ല. മജുലി മണ്ഡലത്തിൽനിന്ന് വിജയിച്ച മുഖ്യമന്ത്രി സോണോവാൾ ബി.ജെ.പി സഖ്യത്തെ ജനം അനുഗ്രഹിച്ചുവെന്ന് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.