വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കാനുറച്ച് കോൺഗ്രസ്

അഗർത്തല: കഴിഞ്ഞ ആറു ദശാബ്ദങ്ങളായി തങ്ങളുടെ വരുതിയിലായിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കാനുറച്ച് കോൺഗ്രസ്. മണിപ്പൂരിലെ നിയമസഭ തെരഞ്ഞെടുപ്പിന് കോൺഗ്രസ് വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്. 60 ൽ 28 സീറ്റുകൾ നേടിയിട്ടും 2017ൽ കോൺഗ്രസിന് ഇവിടെ ബി.ജെ.പിയോട് അടിയറവ് പറയേണ്ടിവന്നിരുന്നു.

ത്രിപുരയിൽ ബി.ജെ.പി വിമതരെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഹൈക്കമാന്‍റ് നീക്കം. സുദീപ് റോയ്, ആഷിഷ് സഹ എന്നീ ബി.ജെ.പി എം.എൽ.എമാർ ഇതിനകം നിയമസഭയിൽ നിന്ന് രാജിവെച്ചിട്ടുണ്ട്. സ്പീക്കർ റതൻ ചക്രവർത്തിക്ക് ഇവർ രാജിക്കത്ത് നൽകി. 'ബി.ജെ.പിയിൽ എനിക്കd ശ്വാസം മുട്ടിത്തുടങ്ങി. ത്രിപുരയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ല- റോയ് ബർമൻ മാധ്യമത്തോട് പറഞ്ഞു. രണ്ടുപേരും ബി.ജെ.പിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചിട്ടുണ്ട്.

രാജിവെച്ച ഇരുവരും പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്. ബിപ്ലബ് ദേബ് മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന റോയ് ബർമനെ തൃണമൂൽ കോൺഗ്രസ് സമീപിച്ചതായും വാർത്തകളുണ്ട്.

1993 മുതൽ 2018 വരെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അധികാര ദുർഗമായിരുന്നു ത്രിപുര. കമ്യൂണിസ്റ്റുകാരുടെ തോൽവി പുതിയ യുഗത്തിനാണ് ത്രിപുരയിൽ തുടക്കം കുറിച്ചത്. മാർക്സിസ്റ്റ് വിരുദ്ധവികാരം ത്രിപുരയിൽ ആഞ്ഞടിക്കുകയായിരുന്നു. എന്നാൽ ജനങ്ങളുടെ ആ വിധിയെഴുത്തിനോട് നീതി പുലർത്തുവാൻ തുടർന്നുവന്ന സർക്കാറിന് കഴിഞ്ഞില്ല. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനാണ് ഇവിടെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുക. - ബർമനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ആദിവാസി നേതാവായ ബൃഷകേതു ഐ.പി.എഫ്.ടി വിടാൻ തീരുമാനമെടുത്തതും സംസ്ഥാന രാഷ്ട്രീയത്തിൽ പ്രധാനപ്പെട്ട നീക്കമാണ്. പശ്ചിമബംഗാളിൽ നിന്നും വ്യത്യസ്തമായി അസമിൽ വളരെ കുറച്ച് മുസ്ലിങ്ങളാണ് ഉള്ളത്. അതിനാൽ മമതയുടെ മുസ്ലിം കാർഡിന് വലിയ സ്വീകാര്യത ലഭിക്കാൻ ഇടയില്ല. എന്നാൽ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സോണമുര, കൈലാസഹർ എന്നിവിടങ്ങളിലെ ജനങ്ങൾ ബി.ജെ.പിക്കാണ് വോട്ട് ചെയ്തതെന്ന ബി.ജെ.പി നേതാവിന്‍റെ പ്രതികരണം അദ്ഭുതപ്പെടുത്തുന്നതാണ്.

അസമിലെ മുൻ കോൺഗ്രസ് നേതാവായിരുന്ന സുഷ്മിത ദേവിലാണ് തൃണമൂലിന്‍റെ വോട്ട് ബാങ്ക്. ത്രിപുരയിൽ ഇപ്പോഴും സി.പിഎമ്മിന്‍റെ തുരുപ്പുചീട്ട് മണിക്സർക്കാർ തന്നെയാണ്. ആദിവാസി- ബംഗാളി വോട്ടർമാർക്കിടയിൽ ഇപ്പോഴും അദ്ദേഹത്തിന് സ്വാധീനമുണ്ട്.

ത്രിപുരയിൽ ബി.ജെ.പി സർക്കാർ അധികാരമേൽക്കുമ്പോൾ ഈ സർക്കാർ നിങ്ങളുടേതാണ് എന്ന് നരേന്ദ്രമോദി ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നെങ്കിലും നാല് വർഷത്തിനിടെ വലുതായി ഒന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും തൊഴിൽമേഖലയിൽ. ബംഗളുരു, ചെന്നൈ, ഡൽഹി എന്നിിവിടങ്ങളിലേക്കാണ് ഇവിടത്തെ യുവാക്കൾ തൊഴിൽ തേടി പോകുന്നത്. ആദിവാസി മേഖലയിൽ നിന്നുള്ള വോട്ട് ബാങ്കടക്കം ചോർന്നുപോകുന്നതിൽ ബി.ജെ.പി കാമ്പിന് അസ്വസ്ഥതയുണ്ട്.

2023ന്‍റെ തുടക്കത്തിൽ ക്രിസ്ത്യൻ വോട്ടുകൾ കൂടുതലുള്ള നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്.

മുകുൾ സാംഗ്മയും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നത് മേഘാലയയിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. നാഗാലാൻഡിലും പ്രധാനപ്പെട്ട നേതാക്കൾ എൻ.ഡി.പി.എഫ്, ബി.ജെ.പി, എൻ.പി.എഫ് എന്നീ പാർട്ടികളിലേക്ക് ചേക്കേറിയത് കോൺഗ്രസിന് തിരിച്ചടിയായി. 

Tags:    
News Summary - The Congress is determined to hold on to power in the north-eastern states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.