കോൺഗ്രസ് പ്രതിഷേധം ജനാധിപത്യ സംരക്ഷണത്തിനല്ല; രാഹുലിന്റെ 2000 കോടിയുടെ സ്വത്ത് സംരക്ഷിക്കാൻ -സ്മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രതിഷേധം ജനാധിപത്യത്തെ സംരക്ഷിക്കാനല്ലെന്നും മറിച്ച് രാഹുൽ ഗാന്ധിയുടെ 2000 കോടി വരുന്ന സ്വത്ത് സംരക്ഷിക്കാനാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നാഷനൽ ഹെറാൾഡ് കേസിൽ ഇ.ഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായ രാഹുലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു​ സ്മൃതി ഇറാനി.

പ്രതിഷേധങ്ങൾ അന്വേഷണ ഏജൻസിയെ സമ്മർദത്തിലാക്കാനാണ്. അനധികൃത സമ്പത്ത് സംരക്ഷിക്കാനായി ഒരു രാഷ്ട്രീയ കുടുംബവും ഇതുവരെ അന്വേഷണ ഏജൻസിക​ളെ സമ്മർദത്തിലാക്കിയിട്ടില്ല. അഴിമതി പുറംലോകമറിയുന്നത് ഒഴിവാക്കാൻ അന്വേഷണ സംഘത്തെ സമ്മർദത്തിലാക്കാനാണ് കോൺഗ്രസ് നേതാക്കൾ തെരുവുകൾ കീഴടക്കിയത്. ആരും നിയമത്തിന് അതീതരല്ല, രാഹുൽ ഗാന്ധി പോലും - സ്മൃതി പറഞ്ഞു.

അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനി 1930 ലാണ് പ​ത്ര പ്രസിദ്ധീകരണത്തിനായി രൂപീകരിച്ചത്. ഇതിൽ 5000 സ്വാതന്ത്ര്യ സമര സേനാനികൾ ഓഹരി പങ്കാളികളായിരുന്നു. എന്നാൽ കമ്പനി ഇപ്പോൾ ഗാന്ധി കുടുംബത്തിന്റെ ഉടമസ്ഥതയിലാണെന്നും സ്മൃതി വിവരിച്ചു.

ഇ​പ്പോൾ പത്ര പ്രസിദ്ധീകരണത്തിന് പകരം റിയൽ എസ്റ്റേറ്റ് ബിസിനസാണ് നടക്കുന്നത്. 90 കോടി കടം വന്നതോടെയാണ് റിയൽ എസ്റ്റേറ്റിലേക്ക് തിരിയുന്നത്. 2010 ൽ അഞ്ച് ലക്ഷം രൂപ മൂലധനത്തിൽ രാഹുൽ ഗാന്ധി ഡയറക്ടറായി യങ് ഇന്ത്യ എന്ന കമ്പനി രൂപീകരിച്ചു. അതിൽ 75 ശതമാനം ഓഹരികളും രാഹുലിന്റെതാണ്. ബാക്കി അദ്ദേഹത്തിന്റെ മാതാവ് സോണിയ, കോൺഗ്രസ് നേതാക്കളായ മോതിലാൽ വോറ, ഓസ്കാർ ഫെർണാണ്ടസ് എന്നിവരുടെതും. എ.ജെ.എല്ലിന്റെ ഒമ്പത് കോടി ഓഹരികൾ അതായത് ആകെ ഓഹരികളുടെ 99 ശതമാനവും യങ് ഇന്ത്യയിലേക്ക് മാറ്റി. കോൺഗ്രസ് പാർട്ടി ​തിരിച്ചടക്കേണ്ടാത്ത വായ്പയായി എ.ജെ.എല്ലിന് 90 കോടി നൽകിയെന്നും സ്മൃതി പറഞ്ഞു.

കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനത്തിനായി ഫണ്ട് നൽകിയവർ ആ പണം ഗാന്ധി കുടുംബത്തിലേക്ക് കൊണ്ടുപോകണമെന്ന് ഉദ്ദേശിച്ചിരുന്നോ എന്നും അവർ ചോദിച്ചു.

കാരുണ്യ പ്രവർത്തികൾ മാത്രം ചെയ്യുന്നതിനുവേണ്ടി സംഘടനകൾ നിമിക്കുന്ന സെഷൻ പകാരമാണ് യങ് ഇന്ത്യ രുപീകരിച്ചത്. എന്നാൽ ഇത്ര കാലമായിട്ടും ഒരു കാരുണ്യ പ്രവർത്തിയും ചെയ്തിട്ടില്ലെന്ന് യങ് ഇന്ത്യ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും സ്മൃതി കൂട്ടിച്ചേർത്തു. 

Tags:    
News Summary - The Congress protest is not for the protection of democracy; To protect Rahul's Rs 2,000 crore assets - Smriti Irani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.