മധുര: ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള നിലപാടാണ് വഖഫ് ബില്ലിന്റെ ഉള്ളടക്കമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ബി.ജെ.പി സർക്കാർ ബോധപൂർവം അവരുടെ വിഭാഗീയ നിലപാട് തുടരുകയാണ്. ബില്ലിനെ എതിർക്കുന്ന നിലപാട് എൽ.ഡി.എഫ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ബിൽ പാസായാലും ജനവികാരം വ്യക്തമായിതന്നെ എൽ.ഡി.എഫ് അറിയിക്കുമെന്ന് പറഞ്ഞ ടി.പി. രാമകൃഷ്ണൻ, ലോക്സഭയിൽ നിലപാട് വ്യക്തമാക്കാൻ തയാറാകാത്തതിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തുകയും ചെയ്തു.
“ബി.ജെ.പി സർക്കാർ ബോധപൂർവം അവരുടെ വിഭാഗീയ നിലപാട് തുടരുകയാണ്. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന നിലപാടാണ് വഖഫ് ബില്ലിന്റെ ഉള്ളടക്കത്തിലുള്ളത്. വഖഫ് ബോർഡ് പ്രവർത്തിച്ചിരുന്നത് മുസ്‌ലിം സമുദായത്തിൽ പെട്ടവർക്കും അല്ലാത്തവർക്കും സ്വന്തം ഇഷ്ടപ്രകാരം ഭൂമിയോ സ്വത്തോ വഖഫ് ചെയ്യാവുന്ന നിലയിലാണ്. ഇതിൽ മാറ്റംവരുത്തുന്ന രീതിയിലാണ് ഭേദഗതി വന്നിട്ടുള്ളത്. ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഇക്കാര്യത്തിൽ യോജിച്ച നിലപാടാണ് സ്വീകരിച്ചത്.
എന്നാൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പാർലമെന്റിൽ രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കേണ്ടതാണ്. വോട്ടെടുപ്പിൽ പങ്കെടുത്തെങ്കിലും പ്രതിപക്ഷത്തെ യോജിപ്പിച്ച് നിർത്താനുള്ള പ്രതികരണം രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. വയനാട്ടുകാരുടെ പൊതുനിലപാട് അറിയിക്കാൻ പ്രിയങ്ക ഗാന്ധിക്കായിട്ടില്ല. ബില്ലിനെ എതിർക്കുന്ന നിലപാട് എൽ.ഡി.എഫ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ബിൽ പാസായാലും ജനവികാരം വ്യക്തമായിതന്നെ എൽ.ഡി.എഫ് അറിയിക്കും” -ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് വഖഫ് ബിൽ ലോക്സഭയിൽ പാസാക്കിയത്. 390 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേർ എതിർത്തു. ഒരാൾ വിട്ടുനിന്നു. തുടർന്ന് മറ്റുഭേദഗതികൾ വോട്ടിനിട്ടു. പാർലമെന്ററി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണ് വിവാദ വഖഫ് ബിൽ ലോക്സഭയിൽ അടിച്ചേൽപിച്ചത്. 232 അംഗങ്ങൾ എതിർത്തപ്പോൾ 288 പേർ അനുകൂലിച്ചു. ബില്ലിൽ ചർച്ചക്കും മന്ത്രി കിരൺ റിജിജുവിന്റെ മറുപടിക്കും ശേഷം വ്യാഴാഴ്ച പുലർച്ചെ 12.06നാണ് വോട്ടെടുപ്പ് നടപടിക്രമം ആരംഭിച്ചത്. വോട്ടെടുപ്പ് കഴിയുമ്പോൾ 1.45 കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.