ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിലെ പിടിപ്പുകേടുകൊണ്ട് രൂക്ഷ വിമർശനം ഏറ്റുവാങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം നരേന്ദ്ര മോദി സർക്കാറിനെ വിമർശിച്ച് രംഗത്തെത്തി.
ഇൗ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ 'കഠിനാധ്വാനം' ചെയ്യുന്ന മോദിജിയെ പ്രകീർത്തിച്ച് 'ദ ഡെയ്ലി ഗാർഡിയൻ' പ്രസിദ്ധീകരിച്ച ലേഖനം ഉയർത്തി പിടിക്കുകയായിരുന്നു മന്ത്രിമാരടക്കമുള്ള ബി.ജെ.പി അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ.
ഇത് വരെ കേട്ടുകേൾവി പോലുമില്ലാത്ത മാധ്യമ സ്ഥാപനമാണ് ദ ഡെയ്ലി ഗാർഡിയൻ. യു.കെ ആസ്ഥാനമായ ഒറിജിനൽ ഗാർഡിയന് ഇതുമായി പുലബന്ധം പോലുമില്ല. അന്താരാഷ്ട്ര മാധ്യമങ്ങളിലൊന്ന് മോദിയെ പ്രശംസിച്ചുവെന്ന് കുറച്ച് പേരെയെങ്കിലും വിശ്വസിപ്പിക്കാൻ ലേഖനം കൊണ്ട് ബി.ജെ.പിക്കായി. എന്നാൽ ഇതിനെ പൊളിച്ചടുക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്ററാറ്റികൾ.
പാർട്ടിക്കായി ടി.വി സംവാദങ്ങളിൽ പങ്കെടുക്കുന്നയാളും ബി.ജെ.പിയുടെ മീഡിയ റിലേഷൻസ് ഡിപാർഡ്മെന്റ് കൺവീനറുമായ സുധേഷ് വർമയാണ് ലേഖനം എഴുതിയിരിക്കുന്നതെന്ന് ആൾട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തിന്‍റെ നന്മക്കായി നരേന്ദ്ര മോദി നിശബ്ദനായി കോവിഡിനെതിരെ പട നയിക്കുകയാണെന്നാണ് ലേഖനം പറഞ്ഞുവെക്കുന്നത്. മുഖ്യമന്ത്രിമാർ അനാവശ്യമായി ഓരോ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും പറയുന്നു. മുമ്പുണ്ടായിരുന്ന കോൺഗ്രസ് സർക്കാറുകൾ രാജ്യത്തെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി ഒന്നും ചെയ്തില്ലെന്നും വിമർശകർ മോദിയുടെ മുഖത്ത് കരിവാരിത്തേക്കാൻ ശ്രമിക്കുകയാണെന്നുമാണ് ലേഖനത്തിൽ പറയുന്നത്.
ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ, കേന്ദ്ര മന്ത്രി കിരൺ റിജിജു, ബി.ജെ.പി എം.പി ഡോ. ജിതേന്ദ്ര സിങ് എന്നിവരെ കൂടാതെ നിരവധി കേന്ദ്ര മന്ത്രിമാരും ലേഖനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇന്ത്യ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് മോദി ഒഴികെ മറ്റെല്ലാവരും ഉത്തരവാദികളാണെന്ന് ലേഖകൻ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്.
'സൺഡേ ഗാർഡിയ'ന്‍റെ ഉടമസ്ഥരായ ഐ.ടി.വി നെറ്റ്വർക്കാണ് ഈ ഫെബ്രുവരിയിൽ ദ ഡെയ്ലി ഗാർഡിയൻ ആരംഭിച്ചത്. പ്രശസ്ത മാധ്യമപ്രവർത്തകനും കേന്ദ്രമന്ത്രിയുമായിരുന്ന എം.ജെ.അക്ബറാണ് സൺഡേ ഗാർഡിയൻ തുടങ്ങിയത്. ന്യൂസ് എക്സിന്റെ മാതൃസ്ഥാപനമാണ് ഐ.ടി.വി നെറ്റ്വർക്ക്. ഓൺൈലൻ പത്രമായ ദ ഡെയ്ലി ഗാർഡിയന് പ്രിന്‍റ് എഡിഷനില്ല. വെബ്സൈറ്റിന്റെ ഡൊമൈൻ 2007ൽ രജിസ്റ്റർ ചെയ്തെങ്കിലും 2020ലാണ് ട്വിറ്റർ അക്കൗണ്ട് തുടങ്ങിയത്. യൂട്യൂബിൽ വെറും 43 സബ്സ്ക്രൈബേഴ്സ് മാത്രമാണുള്ളത്. ഇതുവരെ യൂട്യബ് ചാനലിൽ ഒരു വിഡിയോ പോലും പങ്കുെവച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.