കോഴിക്കോട്: 1980 കാലഘട്ടം. മംഗലാപുരം ഹംപൺകട്ടെ സെൻട്രൽ മാർക്കറ്റിൽ നിലത്ത് ചാക്ക് വിരിച്ച് ഓറഞ്ച് കൂട്ടിയിട്ട് വിൽപന നടത്തുകയാണ് നാൽപതുകാരനായ ഹജബ്ബ. ഒരാൾ വന്ന് ഏറെനേരം നോക്കി നിന്നശേഷം, ഹജബ്ബയോട് ‘ഹൗ മച്ച്’ എന്ന് ചോദിച്ചു. കന്നട എഴുത്തും വായനയുംപോലും വേണ്ടവിധം അറിയാത്ത ആ മനുഷ്യൻ കാര്യം പിടികിട്ടാതെ മൗനിയായി.
ഓറഞ്ചിന്റെ വിലയാണ് അപരിചിതൻ ചോദിച്ചതെന്ന് മനസ്സിലാവാത്ത ഹജബ്ബ അന്ന് തലകുനിച്ചത് വിദ്യാഭ്യാസമില്ലെന്ന അപമാനഭാരത്തിൽ കൂടിയായിരുന്നു. തന്നെപ്പോലെ അറിവില്ലാത്തവരായി തന്റെ ഹരേകള ഗ്രാമത്തിലെ പുതുതലമുറ ആർക്കുമുന്നിലും തലകുനിക്കാനിടയാക്കരുതെന്ന് ഹജബ്ബ അന്നുറപ്പിച്ചതാണ്. ആ ചിന്തയാണ് അങ്ങാടിയിൽ ഓറഞ്ച് വിറ്റുനടന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ആ മനുഷ്യനെ രാജ്യം പത്മശ്രീ നൽകി ആദരിക്കുന്ന മഹാനാക്കി വളർത്തിയത്.
ഒപ്പമുണ്ടായിരുന്ന മറ്റു കച്ചവടക്കാരെല്ലാം സ്വന്തമായി വീടുണ്ടാക്കുന്നതടക്കം സ്വപ്നം കണ്ടപ്പോൾ ഹജബ്ബ സ്വപ്നം കണ്ടത് നാട്ടിൽ സ്വന്തമായി വിദ്യാലയമുണ്ടാക്കുന്നതായിരുന്നു. തന്റെ കച്ചവടത്തിൽനിന്ന് ചില്ലറ തുട്ടുകളടക്കം ദിവസേന മാറ്റിവെച്ച് രണ്ടു പതിറ്റാണ്ട് പിന്നിട്ട് രണ്ടായിരമാണ്ടിലെത്തിയപ്പോൾ ഹരേകള ന്യൂടോപ്സിലെ ത്വാഹ ജുമാമസ്ജിദിനോട് ചേർന്നുള്ള റൗലത്ത് ഉലമ മദ്റസയിൽ 28 കുട്ടികളുമായി ഒരു വിദ്യാലയത്തിനദ്ദേഹം തുടക്കമിട്ടു. പിന്നീട് തന്റെ സമ്പാദ്യമുപയോഗിച്ച് സ്കൂളിനായി കുറച്ച് സ്ഥലം വാങ്ങി. മറ്റുചിലരും സഹായിച്ചതോടെ ഘട്ടംഘട്ടമായി സ്കൂളിന്റെ സ്ഥലം 1.33 ഏക്കറായി മാറുകയും സ്കൂൾ പത്താംതരംവരെയാവുകയും ചെയ്തു.
ദരിദ്രവിഭാഗങ്ങളിൽനിന്നുള്ള 250ഓളം കുട്ടികളാണിപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള തന്റെ സ്കൂളിൽ പഠിക്കുന്നതെന്ന് പറയുമ്പോൾ 60 പിന്നിട്ട ഹജബ്ബയുടെ കണ്ണിൽ വിജ്ഞാന വെളിച്ചത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാണാം. ഹജബ്ബയുടെ വിദ്യാഭ്യാസ വിപ്ലവം ‘ഹൊസദികന്ത’ എന്ന കന്നട പത്രത്തിൽ വാർത്തയായി. പിന്നീട് എഴുത്തുകാരൻ ഇസ്മത്ത് പജീർ ഹജബ്ബയെക്കുറിച്ച് പുസ്തകവും എഴുതി. ഇതോടെ പൊതുരംഗത്താകെ വലിയ സ്വീകാര്യത ലഭിച്ച് ഹജബ്ബ, ഹരേകള ഹജബ്ബയായി. സി.എൻ.എൻ -ഐ.ബി.എൻ ‘റിയൽ ഹീറോ’ ബഹുമതി നൽകുകയും ബി.ബി.സി ‘അൺ ലെറ്റേഡ് ഫ്രൂട്ട് സെല്ലർ’ എന്ന തലക്കെട്ടിൽ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. കർണാടകയുടെ കോളജ് പാഠ്യപദ്ധതിയിലും ഹജബ്ബ ഇടംപിടിച്ചു. പിന്നാലെയാണ് 2020ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.
വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനമെന്നും അറിവില്ലാതെ ആരും വളരില്ലെന്നും നാലരപതിറ്റാണ്ട് മുമ്പ് മനസ്സിലാക്കിയതാണ് തന്റെ പ്രവർത്തനത്തിലെ വഴിത്തിരിവെന്ന് ഹജബ്ബ പറഞ്ഞു. കർണാടക സ്പീക്കർ യു.ടി. ഖാദർ അടക്കമുള്ള ഇപ്പോഴത്തെയും മുമ്പത്തെയും ജനപ്രതിനിധികൾ തനിക്കും തന്റെ സ്കൂളിനും വലിയ പിന്തുണയാണ് നൽകുന്നത്. സ്കൂളിനിപ്പോൾ സർക്കാർ പ്രീ യൂനിവേഴ്സിറ്റി കോളജ് അനുവദിച്ചു. ഒരേക്കറിലധികം സ്ഥലവും നൽകി. ഇവിടെ കെട്ടിടം നിർമിക്കുകയാണ് അടുത്ത ദൗത്യം.
തന്റെ നാട്ടിലെ കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം ലഭ്യമാക്കാൻ കോളജ് കെട്ടിട നിർമാണത്തിന് സഹായവുമായി ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളത്. അതുമാത്രമാണ് തന്റെ പ്രാർഥനയെന്നും ഹജബ്ബ ‘മാധ്യമ’ത്തോട് പറഞ്ഞു. ചേവായൂർ ‘സിജി’യിലെ ക്യാമ്പിൽ പങ്കെടുക്കാനാണ് ഹജബ്ബ കോഴിക്കോട്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.