മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തു വരുന്നതിനിടെ പോളിങ് കണക്കുകളിൽ വൻ പൊരുത്തക്കേടുകളുണ്ടെന്ന റിപ്പോർട്ട് ‘ദ വയർ’ പുറത്തുവിട്ടു. ഔദ്യോഗിക സമയം കഴിഞ്ഞിട്ടും എട്ട് ശതമാനത്തോളം അധിക പോളിങ് നടക്കുകയും ഇതുവഴി 76 ലക്ഷത്തോളം അധികവോട്ട് വരികയും ചെയ്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകറാണ് മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ധാപ്പറുമായുള്ള അഭിമുഖത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട ഔദ്യോഗിക പോളിങ് കണക്കുകളിലെ പൊരുത്തക്കേടുകൾ തുറന്നുകാണിക്കുന്നത്.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കമീഷന്റെ ക്ലോസ്-അപ് പോളുകളും അന്തിമ കണക്കും തമ്മിൽ എട്ട് ശതമാനത്തിന്റെ വർധനയാണുള്ളത്. 20ന് വൈകിട്ട് അഞ്ചിന് മഹാരാഷ്ട്രയിൽ 58.22 ശതമാനം പോളിങ് രേഖപ്പെടുത്തി. അതേ ദിവസം രാത്രി 11.30 ആയപ്പോഴേക്കും ഇത് 65.02 ശതമാനം ആയി ഉയർന്നു. 23ന് വോട്ട് എണ്ണുന്നതിന് മുമ്പ്, ഇത് 66.05% ആയി ഉയർന്നു. അതായത് പോളിങ് 7.83 ശതമാനം വർധിച്ചു. വൈകുന്നേരം 5 മണിക്ക് മൊത്തം 5,64,88,024 പേർ വോട്ട് ചെയ്തിരിക്കും. രാത്രി 11.30 ആയപ്പോഴേക്കും പോളിങ് 65.02% ആയി ഉയർന്നു, ഇതോടെ ആകെ 6,30,85,732 പേർ വോട്ടു ചെയ്തെന്നായി.
ഇതോടെ വൈകുന്നേരം 5 നും 11.30 നും ഇടയിൽ, മൊത്തം വർധന 65,97,708 ആണ്. ഏകദേശം 66 ലക്ഷമെന്ന് കൂട്ടാം. എന്നാൽ വർധന അവിടെ അവസാനിക്കുന്നില്ല. വോട്ടെണ്ണലിന് ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കേ വീണ്ടും 9,99,359 വോട്ടിന്‍റെ വർധനയുണ്ടായി. അതായത് ഏകദേശം 10 ലക്ഷം. എണ്ണിത്തിട്ടപ്പെടുത്തുന്നതിന് 12 മണിക്കൂർ മുമ്പ്, മൊത്തം വർദ്ധനവ് 75,97,067 ആയി. അതായത് ഏകദേശം 76 ലക്ഷം.
തെരഞ്ഞെടുപ്പു കമീഷന്റെ ചരിത്രത്തിൽ ഇതുവരെ താൽക്കാലിക കണക്കും അന്തിമ കണക്കും തമ്മിലുള്ള വ്യത്യാസം ഒരിക്കലും 1% കവിഞ്ഞിട്ടില്ല. എല്ലായ്പ്പോഴും 1% ൽ താഴെയാണ് വ്യത്യാസമുണ്ടാകുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ താൽക്കാലിക കണക്കിനും അന്തിമ കണക്കിനും ഇടയിൽ 7.83 ശതമാനത്തിന്റെ വ്യത്യാസമാണ് വന്നത്. അഞ്ച് മണിക്ക് ശേഷം അധികമായി വന്നത് 76 ലക്ഷം വോട്ടുകൾ. ഒരു ബൂത്തിൽ ശരാശരി 1000 മുതൽ 1200 വരെ വോട്ടുകളാണുള്ളത്. 58.22 പേർ അഞ്ച് മണിക്കകം വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നു. അഞ്ച് മണിക്ക് ഗേറ്റ് അടച്ചതിനു ശേഷം ഇത്രയധികം വോട്ട് വീണ്ടും വന്നെന്ന കണക്കിൽ വലിയ പൊരുത്തക്കേടുണ്ട്.
തെരഞ്ഞെടുപ്പിന്റെ മുഴുവൻ പ്രക്രിയയും കമീഷന് വിഡിയോഗ്രാഫ് ചെയ്യേണ്ടിവരും. വിവിപാറ്റ് സ്ലിപ്പുകളും കണക്കെടുക്കണം. എന്നാൽ വിഡിയോഗ്രാഫ് എവിടെ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമീഷന് മറുപടിയില്ല. കമീഷൻ ഒരു വിശദീകരണവും നൽകുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയപ്പോഴും മറുപടി ഉണ്ടായിരുന്നില്ലെന്ന് പരകാല പ്രഭാകർ അഭിമുഖത്തിൽ പറയുന്നു. ഇതേ സമയത്തു തന്നെ വോട്ടെടുപ്പു നടന്ന ഝാർഖണ്ഡിൽ അഞ്ച് മണിക്കും രാത്രി 11.30നുമുള്ള പോളിങ് ശതമാനത്തിലെ വ്യത്യാസം 1.79 ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.