ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ അഴിമതി പ്രധാന പ്രചാരണ വിഷയമായി. അഴിമതിക്കെതിരെ നടന്ന പടയുടെ മറവിൽ 10 വർഷം മുമ്പ് അധികാരം പിടിച്ച ബി.ജെ.പി പ്രതിപ്പട്ടികയിൽ ഒന്നാം സ്ഥാനത്തുമായി.
ഇലക്ടറൽ ബോണ്ടിൽ ബി.ജെ.പി ഊരാക്കുടുക്കിലാണ്. പല വിധത്തിലാണ് കെണി. ഏറ്റവും കൂടുതൽ ബോണ്ട് കിട്ടിയത് ബി.ജെ.പിക്ക്. അതിന് തെളിവായി സമ്പൂർണ വിവരങ്ങളോടെ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റ് മലർക്കെ തുറന്നു കിടക്കുന്നു. ആ വിവരങ്ങൾ ആരോരുമറിയാതിരിക്കാൻ പണി പതിനെട്ട് നോക്കിയതും വെളിച്ചത്തായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ ഇതിനായി വാദിച്ച് നാണംകെട്ടു. ഈ പൊതുമേഖല ബാങ്കിനെ ഇങ്ങനെ കളിപ്പിച്ചത് ആരാണെന്ന് പകൽ പോലെ വെളിച്ചത്തായി.
ബോണ്ട് വാങ്ങി സംഭാവനക്കാർക്ക് ബി.ജെ.പി അവിഹിത നേട്ടങ്ങൾ തരപ്പെടുത്തിക്കൊടുത്തതിന്‍റെ തെളിവുകൾ പ്രതിപക്ഷം രേഖകളുടെ അകമ്പടിയോടെ വോട്ടർമാർക്കു മുന്നിൽ എടുത്തിട്ടു. പല കമ്പനികൾക്കും നേരെ കുരച്ചുചാടിയ അന്വേഷണ ഏജൻസികൾ, ബി.ജെ.പിയുടെ പെട്ടിയിൽ ബോണ്ട് എത്തിച്ചപ്പോൾ അടങ്ങി.
അതിന്‍റെ വിവരങ്ങളും പുറത്ത്. പാർട്ടിയുടെ പണപ്പെട്ടി നിറക്കാൻ പാകത്തിൽ നിയമം തിരുത്തി കൊണ്ടുവന്ന ബോണ്ട് പദ്ധതി ഭരണഘടന വിരുദ്ധമാണെന്ന കോടതിവിധിയും ഇരുട്ടടിയായി. ഭരണസൗകര്യവും പൊതുസമ്പത്തും ദുരുപയോഗിച്ച് പാർട്ടിക്ക് കോടികൾ സമ്പാദിച്ചതിന്‍റെ നേർച്ചിത്രമാണ് ഇലക്ടറൽ ബോണ്ട് വിവരങ്ങൾ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ റഫാൽ പോർവിമാന ഇടപാട് ബി.ജെ.പിയെ വെള്ളം കുടിപ്പിച്ചു. എന്നാൽ രാജ്യസുരക്ഷ മുൻനിർത്തിയുള്ള സൈനിക സന്നാഹമെന്ന് വിശദീകരിച്ച് പിടിച്ചുനിൽക്കാൻ ബി.ജെ.പിക്കും മോദിസർക്കാറിനും സാധിച്ചു.
പ്രതിപക്ഷം കോടതിയിൽ പോയെങ്കിലും മോദിസർക്കാറിന് പോറലേറ്റില്ല. എന്നാൽ ഇത്തവണ ശരിക്കും പൊളിച്ചത് കോടതിയാണ്. ആധികാരിക രേഖകളും കോടതി പരാമർശവുമായതോടെ ഇലക്ടറൽ ബോണ്ടിൽ അഴിമതിയുണ്ടെന്ന വിശ്വാസം ഉറപ്പിക്കാൻ ജനത്തിന് തെളിവായി.
ഈ സാഹചര്യം തെരഞ്ഞെടുപ്പു ഗോദയിൽ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണ് വിവിധ പ്രതിപക്ഷ പാർട്ടികൾ. അഴിമതിയുടെ കരി പ്രതിഛായ തകർക്കാതിരിക്കാൻ പ്രതിപക്ഷ പാർട്ടികളെ കരിയടിച്ചു നിർത്തുകയെന്ന തന്ത്രമാണ് ബി.ജെ.പിയും മോദിസർക്കാറും പുറത്തെടുത്തിരിക്കുന്നത്. കേന്ദ്ര ഏജൻസികൾ ചട്ടുകം.
അഴിമതിക്കെതിരെ പട നയിച്ച് പിന്നാലെ പാർട്ടിയുണ്ടാക്കി ഡൽഹിയിൽ കോൺഗ്രസിനെയും ബി.ജെ.പിയെയും പിന്തള്ളി അധികാരം പിടിച്ച ആം ആദ്മി പാർട്ടിക്കാരെ മദ്യക്കച്ചവട അഴിമതിക്കേസിൽ പൂർണമായും മുക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇത്തവണത്തെ ഹോളി ഇ.ഡി കസ്റ്റഡിയിലാക്കി.
മറ്റു പ്രതിപക്ഷ പാർട്ടികളെയും വട്ടംകറക്കുകയാണ്. 11 അക്കൗണ്ട് മരവിപ്പിക്കപ്പെട്ടപ്പോൾ കോൺഗ്രസ് നികുതി വെട്ടിപ്പുനടത്തിയ പ്രതീതി. തെരഞ്ഞെടുപ്പിന്‍റെ ഒത്ത നടുക്ക് ചെലവു കാശ് കൈയിലില്ലാതെ പാപ്പരായി. പ്രാദേശിക പാർട്ടികളെ ഒന്നൊന്നായി കുരുക്കുന്നു. ചോദ്യക്കോഴ ആരോപണം ഉയർത്തി എം.പിയല്ലാതാക്കിയ മഹുവ മൊയ്ത്രയെ നേരിടാൻ സി.ബി.ഐയാണ് കളത്തിൽ. ഇൻഡ്യ സഖ്യനേതാവായ ഹേമന്ദ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയല്ലാതായി; ജയിലിലായി.
മൂന്നാം മുന്നണി സ്വപ്നം കൊണ്ടുനടന്ന ബി.ആർ.എസ് നേതാവ് ചന്ദ്രശേഖര റാവുവിന്‍റെ മകൾ കെ. കവിതയുടെ ജാമ്യാപേക്ഷ പിന്നെയും വിചാരണ കോടതി തള്ളി. ഡി.എം.കെയെ ഉന്നമിട്ട് 2ജി അഴിമതിക്കേസിന് വീണ്ടും ജീവൻ വെപ്പിക്കുകയാണ്. ഡി.എം.കെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ. രാജയെ ഈ കേസിൽ വിട്ടയച്ചതിനെതിരെ സി.ബി.ഐ ഡൽഹി ഹൈകോടതിയിൽ കഴിഞ്ഞ ദിവസം അപ്പീൽ ഫയൽ ചെയ്തു.
ഇലക്ടറൽ ബോണ്ട് പ്രതിപക്ഷം പ്രചാരണ വേദികളിൽ ഉയർത്തുമ്പോൾ, പ്രതിപക്ഷം നേരിടുന്ന ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പി ആക്രമിക്കും. അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ലാതെ, നിയമത്തെ നിയമത്തിന്‍റെ വഴിക്ക് വിടുകയും അന്വേഷണ ഏജൻസികളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതിരിക്കുകയും ചെയ്യുന്ന ഭരണനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടും.
ഒന്നിനു പിറകെ ഒന്നായി പ്രതിപക്ഷ നേതാക്കൾ മാത്രം കുരുങ്ങുന്നത് പ്രതികാര നടപടിയെന്ന നിലയിൽ കൂടുതൽ പേർ കണ്ടുതുടങ്ങിയതും ചർച്ചചെയ്യുന്നതും മോദിസർക്കാറിനോടുള്ള വിപരീത മനോഭാവം വർധിപ്പിക്കുന്നുവെന്ന വിഷയം ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.