മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ,

ശ​ശി ത​രൂ​ർ

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അനിവാര്യമായി. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന സമയം ശനിയാഴ്ച കഴിഞ്ഞപ്പോൾ മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എന്നിവർ ഉറച്ച സ്ഥാനാർഥികളായി. വോട്ടെടുപ്പ് 17ന്; ഫലപ്രഖ്യാപനം 19ന്.

മത്സരത്തിൽനിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്മാറുമെന്ന ഊഹാപോഹം പടർന്നതിനെ തുടർന്നായിരുന്നു തരൂരിന്‍റെ വിശദീകരണം. വെല്ലുവിളികളിൽനിന്ന് പിന്നാക്കംവലിയുന്നത് തന്‍റെ ശീലമല്ലെന്നും ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നും തരൂർ പറഞ്ഞു.

പാർട്ടിയിലെ സൗഹൃദമത്സരമാണ് നടക്കുന്നത്. എന്നാൽ, അവസാന സമയംവരെ ഉറച്ചുനിൽക്കും. 'നാളേക്കായി ചിന്തിക്കൂ, തരൂരിനെ ഓർമിക്കൂ' എന്നതാണ് മുദ്രാവാക്യമെന്ന് തരൂർ കൂട്ടിച്ചേർത്തു. അതേസമയം, 80ാം വയസ്സിലെ സ്ഥാനാർഥിത്വം സംബന്ധിച്ച വിമർശനങ്ങൾ ഖാർഗെ തള്ളി.

50 വയസ്സിൽ താഴെയുള്ളവർക്ക് പാർട്ടി പദവികളിൽ പകുതി നൽകുമെന്ന ഉദയ്പുർ നവസങ്കൽപ് ശിബിരത്തിലെ പ്രഖ്യാപനം വിജയിച്ചാൽ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ പദവിക്കുവേണ്ടിയല്ല മത്സരം. ഞാൻ പ്രസിഡന്‍റാകണമെന്ന് എല്ലാവരും താൽപര്യപ്പെട്ടു. അവർക്ക് നന്ദി പറയുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ പാർട്ടി പ്രസിഡന്‍റിന്‍റെ റിമോട്ട് കൺട്രോൾ നെഹ്റു കുടുംബത്തിന്‍റെ കൈയിലാണെന്ന ആക്ഷേപം രാഹുൽ ഗാന്ധി തള്ളി. ഖാർഗെയും തരൂരും ബഹുമാന്യരും കാര്യവിവരമുള്ളവരുമാണ്. റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുമെന്ന് പറയുന്നത് രണ്ടുപേരെയും അപമാനിക്കലാണ് -രാഹുൽ പറഞ്ഞു.

ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയും പദയാത്രയിൽ ഒപ്പം പങ്കെടുക്കുന്ന മറ്റ് വോട്ടർമാരും 17ന് കർണാടകത്തിലെ ബെള്ളാരിയിലാണ് വോട്ട് രേഖപ്പെടുത്തുക. വോട്ടുചെയ്യാൻ പാകത്തിൽ അന്ന് പദയാത്രികർക്ക് വിശ്രമദിനമാണ്. 18ന് യാത്ര ആന്ധ്രപ്രദേശിലേക്ക് നീങ്ങും. പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കുന്ന 19ന് ഭാരത് ജോഡോ യാത്ര ആന്ധ്രയിലായിരിക്കും.

രഹസ്യ ബാലറ്റ് സമ്പ്രദായമാണ് തെരഞ്ഞെടുപ്പിനെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. ആര്, ആർക്ക് വോട്ട് ചെയ്തെന്ന് കണ്ടുപിടിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന പരാതികൾ മാധ്യമങ്ങളോട് ആരെങ്കിലും പറഞ്ഞതല്ലാതെ രേഖാമൂലം അതോറിറ്റിക്ക് ലഭിച്ചിട്ടില്ലെന്നും മിസ്ത്രി പറഞ്ഞു. കേരളത്തെക്കുറിച്ച് ശശി തരൂർ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തരൂരിന്‍റെ പ്രായോഗികമായ പുത്തൻ ചിന്തകളും പാർട്ടിക്ക് അതീതമായ മതിപ്പും ബി.ജെ.പിയുടെ വിഭാഗീയരാഷ്ട്രീയം ചെറുക്കുന്നതിൽ നിർണായകമാണെന്ന പരാമർശത്തോടെ കാർത്തി ചിദംബരം എം.പി ശക്തമായ പിന്തുണ ആവർത്തിച്ചു. പരിഷ്കരണചിന്ത പാർട്ടിയുടെ അടിയന്തര ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തരൂരിന്‍റെ നാമനിർദേശപത്രികയിൽ കാർത്തി ചിദംബരം ഒപ്പുവെച്ചിരുന്നു.  

Tags:    
News Summary - The poll was firm-Secret ballot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.