രാജ്യം പൊതുതെരഞ്ഞെടുപിന് തയാറെടുത്തിരിക്കെ സംഘ് പരിവാറിന്റെ വെറുപ്പുൽപാദന കേന്ദ്രങ്ങളിൽനിന്ന് വിരിയിച്ചെടുക്കുന്നത് മുസ്‍ലിം അപരവത്കരണവും ചരിത്ര തിരസ്കാരവും പ്രമേയമാക്കിയ നിരവധി സിനിമകൾ. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന സിനിമ എന്ന മാധ്യമത്തെ ഹിന്ദുത്വത്തിന്റെ പ്രചാരണ ആയുധമാക്കി മാറ്റുകയാണ് ഒരു പറ്റം ചലച്ചിത്ര പ്രവർത്തകരും ഭരണകൂടവും.
പണവും പ്രതിഭയും ആവോളം ഒഴുക്കി ചരിത്ര നിരാസത്തിന്റെ വെള്ളിത്തിര പണിയുന്ന നവ സിനിമ ലോകം ചലച്ചിത്രങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് അവ തെരഞ്ഞെടുപ്പിനു മുമ്പ് റിലീസ് ചെയ്തു തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഹീന ശ്രമമാണ് നടത്തുന്നത്. നിഷ്‍കളങ്കരായ പ്രേക്ഷകർക്കിടയിൽ വ്യാജ നിർമിതിയുടെ ഷോട്ടുകൾ കാണിച്ച് വെറുപ്പ് വളർത്തി അധികാരത്തിലേക്ക് എത്താനുള്ള കുറുക്കുവഴിയാണ് ബി.ജെ.പിയുടെ പ്രത്യക്ഷ കാർമികത്വത്തിൽ നടന്നു വരുന്നത്. ഭരണകൂടത്തെ പ്രീതിപ്പെടുത്തുന്ന സിനിമകൾ റിലീസ് ചെയ്യാൻ സിനിമാ പ്രവർത്തകർ നെട്ടോട്ടമോടുന്ന കാഴ്ചയാണ് സമകാലീന ഇന്ത്യൻ ചലച്ചിത്രലോകം ദർശിക്കുന്നത്. നേരത്തേ, ദി കശ്മീർ ഫയലും ദി കേരള സ്റ്റോറിയും അടക്കമുള്ള സിനിമകളും അതിനു മുമ്പ് ഉറി സർജിക്കൽ സ്ടൈക് എന്നിങ്ങനെ ചലച്ചിത്രങ്ങളും പ്രൊപഗണ്ട സിനിമകളായി റിലീസ് ചെയ്തിരുന്നു. തലപ്പാവ് ധരിച്ച മുസ്ലിം കഥാപാത്രങ്ങൾ വില്ലന്മാരായി അരങ്ങു വാഴുമ്പോൾ ഇതര ജന വിഭാഗങ്ങൾക്കിടയിൽ പടരുന്നത് ഭയവും വെറുപ്പും മാത്രമാണ്. എം.കെ. ശിവാക്ഷ് സംവിധാനം ചെയ്ത ഗോധ്ര അപകടമോ ഗൂഡാലോചനയോ എന്ന ഹിന്ദി സിനിമ 2002 ലെ ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കിയുള്ളതെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. ഈ മാർച്ച് 24ന് ചിത്രം റിലീസ് ചെയ്യും. ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രം രൺദീപ് ഹൂഡയാണ് സംവിധാനം ചെയ്യുന്നത്. ഗാന്ധി വധത്തിലടക്കം പ്രതിപ്പട്ടികയിൽ വന്ന സവർക്കരെ വീരനായി ഉയർത്തിക്കാട്ടുന്ന സിനിമ സംഘ് പ്രൊഫൈലുകളിലെ കാലാകാലങ്ങളായുള്ള അവാസ്തവ ഭാഷ്യത്തിന്റെ അതേ ഏറ്റു പറച്ചിലാണ്. വിനയ് ശർമയുടെ ജഹാംഗീർ നാഷനൽ യൂനിവേഴ്സിറ്റിയാണ് പ്രൊപ്പഗണ്ട സിനിമകളിൽ വരുന്ന മറ്റൊന്ന്.
അടുത്ത കാലത്ത് ദേശീയ തലത്തിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് വേദിയായ ജെ.എൻ.യുവിനെ പരിഹസിക്കുന്ന ചിത്രം ജനവിരുദ്ധതയുടെ ഉത്തമോദാഹരണമാണ്. ദി കേരള സ്റ്റോറി എന്ന തീർത്തും വ്യാജമായ ഒരു സിനിമയെടുത്ത സുദീപ്തൊ സെന്നിന്റെ മറ്റൊരു വിധേയ ചലച്ചിത്രരൂപമാണ് ‘ബസ്തർ ദി നക്സൽ സ്റ്റോറി സിനിമ. ബസ്തർ ദി നക്സൽ സ്റ്റോറി ഇപ്പോൾ തിയറ്ററുകളിലാണ്.
ഹൈദരാബാദിൽ നൈസാമിന്റെ റസാക്കാർ എന്ന പേരിലുള്ള സൈന്യം നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന ഹിന്ദു വംശഹത്യയെകുറിച്ചുള്ളതാണ് റസാക്കാർ എന്ന സിനിമ. തെലുഗു, ഹിന്ദി ഭാഷകളില്‍ ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. മേം അടൽഹൂം, ആർട്ടിക്ക്ൾ 370, ദി സബർമതി റിപ്പോർട്ട്, ദി വാക്സിൻ വാർ എന്നിങ്ങനെ നിരവധി സിനിമകളാണ് അണിയറയിൽ വെറുപ്പിന്റെ ആലയിൽ ചുട്ടെടുത്തു കൊണ്ടിരിക്കുന്നത്.
ഭരണ കൂടത്തെയും ഭരിക്കുന്ന രാഷ്ട്രീയ നേതാക്കളെയും മഹത്വവൽക്കരിക്കുകയും വസ്‌തുതകളെ വളച്ചൊടിക്കുകയും ചെയ്യുന്ന സിനിമകളാണ് എല്ലാമെന്നു നിസ്സംശയം പറയാം. നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് ഇത്തരം പ്രൊപ്പഗണ്ട സിനിമകളെ ഇലക്ടറൽ ബോണ്ട് സിനിമകൾ എന്നു വിശേഷിപ്പിക്കാമോ എന്ന് എക്സിൽ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.