ന്യൂഡൽഹി: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസ് (ഐ.എ.എസ്), ഇന്ത്യൻ പൊലീസ് സർവിസ് (ഐ.പി.എസ്) തുടങ്ങിയ അഖിലേന്ത്യ സർവിസുകളുടെ മാതൃകയിൽ ഇന്ത്യൻ എൻവയൺമെന്റ് സർവിസ് (ഐ.ഇ.എസ്) തുടങ്ങണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ മറുപടി തേടി.
സുപ്രീംകോടതിയിലെ അഡ്വക്കറ്റ് ഓൺ റെക്കോഡ് ആയ സമർ വിജയ് സിങ് നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എം.എം. സുന്ദരേഷ് എന്നിവരുടെ ബെഞ്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടിസ് അയച്ചത്. അഖിലേന്ത്യ പരിസ്ഥിതി സർവിസ് നടപ്പാക്കുന്നതിൽ തീർപ്പ് കൽപിക്കുന്നതിന് മുമ്പ് നേരത്തേ ഈ വിഷയത്തെപ്പറ്റി പഠിച്ച മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ സുബ്രഹ്മണ്യത്തിന്റെ റിപ്പോർട്ട് നടപ്പാക്കാൻ കഴിയുന്നതാണോ എന്ന് കേന്ദ്രം പുനരാലോചിക്കട്ടെയെന്ന് കോടതി പറഞ്ഞു.
2014ൽ സുബ്രഹ്മണ്യം സമിതി സമർപ്പിച്ച റിപ്പോർട്ട് പാർലമെന്ററി സമിതി തള്ളിയിരുന്നു. ആറ് പ്രധാന പരിസ്ഥിതി നിയമങ്ങളെപ്പറ്റി പഠിക്കാൻ സമിതിക്ക് നൽകിയ സമയപരിധി വളരെ കുറവായിരുന്നുവെന്നതാണ് റിപ്പോർട്ട് തള്ളാൻ കാരണമായി പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടിയത്. പരിസ്ഥിതി അനുദിനം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അതിന്റെ സംരക്ഷണത്തിന് ഗവൺമെന്റിൽനിന്നും സിവിൽ സർവിസിൽനിന്നും കൂടുതൽ നടപടികൾ ആവശ്യമാണെന്ന് ഹരജിയിൽ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.