മൊബൈൽ കമ്പനി ജീവനക്കാരെന്ന വ്യാജേനെയെത്തി ടവർ മോഷ്ടിച്ച് കള്ളന്മാർ; മോഷണം നടത്തിയത് മൂന്ന് ദിവസമെടുത്ത്

ബീഹാറിൽ നിന്ന് വിചിത്രമായൊരു മോഷണക്കേസ് റിപ്പോർട്ട് ചെയ്തു. ഇത്തവണ 50 മീറ്റർ നീളമുള്ള മൊബൈൽ ടവറാണ് കള്ളന്മാർ കടത്തിയത്. ടവർ വച്ചിരുന്ന സ്ഥലം ഉടമയെ മൊബൈൽ കമ്പനി ജീവനക്കാരെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു മോഷണം. മൂന്ന് ദിവസമെടുത്താണ് മോഷ്ടാക്കൾ മൊബൈൽ ടവർ മുറിച്ച് കടത്തിയത്.

ബിഹാറിലെ പറ്റ്‌നക്കടുത്തുള്ള യാര്‍പുര്‍ രജപുത്താനയിലാണ് സംഭവം. ഇവിട​െത്ത മൊബൈല്‍ ടവര്‍ കുറച്ചുനാളായി പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതിയെ തുടർന്നാണ് ജി.ടി.പി.എൽ ഹാത്ത്‌വേ എന്ന കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. അവിടെ ചെന്ന ഉദ്യോഗസ്ഥർ ഞെട്ടുന്ന കാഴ്ച്ചയാണ് കണ്ടത്. തങ്ങളുടെ മൊബൈല്‍ ടവര്‍ നിന്നിടത്ത് വെറും കോൺക്രീറ്റ് പ്ലാറ്റ്ഫോമാണ് അവർ കണ്ടത്.

അരവിന്ദ് സിങ് എന്നയാളുടെ ഭൂമിയിലാണ് ടവർ സ്ഥാപിച്ചിരുന്നത്. സംഭവത്തെപറ്റി അദ്ദേഹം പറയുന്നത് ഇങ്ങിനെ.

'നല്ലരീതിയിൽ വസ്ത്രം ധരിച്ച നാലഞ്ചുപേർ ജി.ടി.പി.എൽ ഹാത്ത്‌വേ ലിമിറ്റഡിൽ നിന്നുള്ളവരെന്ന് പറഞ്ഞ് എന്നെ സമീപിക്കുകയായിരുന്നു. മൊബൈൽ ടവറിന്റെ കരാർ അവസാനിച്ചെന്നും അതിനാൽ അത് നീക്കം ചെയ്യാനാണ് വന്നതെന്നും ഇവർ അറിയിച്ചു. വന്നവർ കമ്പനിയുടെ ബാഡ്ജുകളും തിരിച്ചറിയൽ കാർഡുകളും ധരിച്ചിരുന്നു. കുറച്ചുനാളായി വാടക ലഭിക്കാത്തതിനാലും വിലകൂടിയ സ്ഥലം ഒഴിപ്പിക്കാമെന്നും വിചാരിച്ച് ഞാൻ ടവർ നീക്കം ചെയ്യാൻ സമ്മതിച്ചു'

'എയർസെൽ മൊബൈൽ കമ്പനി 15-16 വർഷമായി ടവർ സ്ഥാപിച്ചിട്ട്. അക്കാലത്ത് പ്രതിമാസ വാടക 10,000 രൂപയായിരുന്നു. എയർസെൽ അടച്ചുപൂട്ടിയപ്പോൾ ജി.ടി.പി.എൽ ടവർ ഏറ്റെടുത്തു. എന്നാൽ പിന്നീട് കൃത്യമായി പണം ലഭിച്ചിരുന്നില്ല'-അരവിന്ദ് കൂട്ടിച്ചേർത്തു.

അടുത്ത ദിവസം തന്നെ തങ്ങളുടെ ജീവനക്കാര്‍ വന്ന് ടവര്‍ അഴിച്ചു കൊണ്ടുപോവുമെന്ന് പറഞ്ഞാണ് ആദ്യം വന്നവർ പോയതെന്നും അദ്ദേഹം പറയുന്നു. പറഞ്ഞതു​പോലെ പത്തിരുപത്തഞ്ച് പേര്‍ അടുത്ത ദിവസം തന്നെ സ്ഥലത്തെത്തി. അവരുടെ കൈയില്‍ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ മൊബൈല്‍ ടവര്‍ ഓരോ ഭാഗങ്ങളായി രണ്ടുമൂന്ന് ദിവസം കൊണ്ട് അഴിച്ചുമാറ്റി. അതിനുശേഷം, ആ സാധനങ്ങളെല്ലാം ഒരു ട്രക്കില്‍ കയറ്റി കൊണ്ടുപോയി. കമ്പനി ഉദ്യോഗസ്ഥര്‍ ആണെന്നു കരുതിയതിനാല്‍ താന്‍ ഇക്കാര്യം മറ്റാരോടും പറഞ്ഞില്ല എന്നും സ്ഥലമുടമ പറഞ്ഞു.

വിവരം അറിഞ്ഞതോടെ യഥാർഥ മൊബൈല്‍ കമ്പനിക്കാര്‍ അന്തംവിട്ടു. 19 ലക്ഷം രൂപ വിലയുള്ള ടവര്‍ തങ്ങള്‍ അറിയാതെയാണ്, മറ്റാരോ വന്ന് അടിച്ചുമാറ്റിയതെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ പറയുന്നു. മൊബൈല്‍ കമ്പനി ഉടമകള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 25 പേരടങ്ങുന്ന കവര്‍ച്ചാ സംഘം തങ്ങളുടെ പ്രതിനിധികള്‍ ആണെന്ന് പറഞ്ഞ് മൊബൈല്‍ ടവര്‍ അടിച്ചുമാറ്റുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും, കവര്‍ച്ചാ സംഘത്തെക്കുറിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.

അടുത്തിടെ, ബിഹാറില്‍ ബെഗുസാരായി ജില്ലയിലെ ഒരു റെയില്‍വേ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ട ട്രെയിന്‍ എഞ്ചിന്‍ വലിയ തുരങ്കം കുഴിച്ച് കവര്‍ച്ചക്കാര്‍ പല ഭാഗങ്ങളായി കടത്തിയിരുന്നു. പല കഷണങ്ങളായി എഞ്ചിന്‍ അടര്‍ത്തി മാറ്റി ദിവസങ്ങള്‍ എടുത്താണ് കവര്‍ച്ചക്കാര്‍ തുരങ്കം വഴി കടത്തിയത്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഞ്ചിന്റെ 95 ശതമാനം ഭാഗങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബീഹാറിലെ റോഹ്താസ് ജില്ലയിൽ ഈ വർഷം ആദ്യം ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന മോഷ്ടാക്കൾ തകർന്ന ഉരുക്ക് പാലത്തിന്റെ ഭാഗങ്ങൾ മോഷ്ടിച്ച് കടത്തിയിരുന്നു.

Tags:    
News Summary - Thieves in Bihar steal mobile tower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.