ഗാന്ദർബാൽ (ജമ്മു കശ്മീർ): ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി നാഷനൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല. ഒരു കാലത്ത് 'പാകിസ്താൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചവർ ഇപ്പോൾ ബി.ജെ.പിക്കൊപ്പം ചേരുന്നുവെന്ന് ഫറൂഖ് അബ്ദുല്ല കുറ്റപ്പെടുത്തി.
1987ലെ തെരഞ്ഞെടുപ്പ് ക്രമക്കേടിന്‍റെ ഫലമാണ് കശ്മീരിലെ അശാന്തി എന്ന ആരോപണങ്ങൾക്കും ഫറൂഖ് അബ്ദുല്ല മറുപടി നൽകി. വിഘടനവാദികളെ തങ്ങൾ സൃഷ്ടിച്ചില്ലെന്നും പാകിസ്താനാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ പാകിസ്താൻ സിന്ദാബാദ് അടക്കമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയവർ ഇപ്പോൾ ബി.ജെ.പിയുമായി കൂട്ടുകൂടിയെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു.
എൻ.സി-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയാൽ താഴ്‌വരയിൽ വീണ്ടും ഭീകരവാദം പടരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിലും ഫറൂഖ് അബ്ദുല്ല പ്രതികരിച്ചു.
എപ്പോഴും കുറ്റപ്പെടുത്തുന്ന അവർ അഞ്ച് വർഷമായി ജമ്മു കശ്മീരിൽ ഭരിക്കുന്നു. തീവ്രവാദത്തിനുള്ളതാണ് ആർട്ടിക്കിൾ 370 എന്ന് പറയുന്നു. എന്നാൽ, ഇപ്പോൾ ആർട്ടിക്കിൾ 370 ഇല്ല. എന്നാൽ, ഇപ്പോൾ തീവ്രവാദം എവിടെ നിന്ന് വരുന്നുവെന്നും നാഷനൽ കോൺഫറൻസ് നേതാവ് ചോദിച്ചു.
എന്തുകൊണ്ടാണ് എൻജിനീയർ റാഷിദിനെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിട്ടയച്ചത്? മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും മുസ്‌ലിംകളുടെ ശബ്ദം അടിച്ചമർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും സഖ്യകക്ഷിയാണെന്നും ഫറൂഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.