മാധ്യമങ്ങളുടെ കൂടി ആഘോഷമാണ് തെരഞ്ഞെടുപ്പ്. മിക്കപ്പോഴും മാധ്യമങ്ങൾ നിഷ്പക്ഷമായി നിന്ന് കണ്ടതും കേട്ടതും വാർത്തായായി നിരത്തി. ചിലപ്പോഴൊക്കെ ‘ഇടപെട്ടു’. പല പ്രവചനങ്ങളും പാളി. ഇടയ്ക്കൊക്കെ കൈപൊള്ളി. അങ്ങനെ ഇന്നേവരെയുള്ള തെരഞ്ഞെടുപ്പുകള്‍ മാധ്യമങ്ങള്‍ ശരിക്കും ഉത്സവമാക്കി. അധികാരത്തെ തൊട്ടറിയുന്നതിനാൽ തന്നെ, മാധ്യമപ്രവർത്തകരുടെ ‘കുപ്പായം’ അഴിച്ചുവെച്ച് തെരഞ്ഞെടുപ്പിലേക്ക് എടുത്തുചാടാൻ ചിലർക്കെങ്കിലും തോന്നുക സ്വാഭാവികം.
ബി.ജി. വര്‍ഗീസ്, എം.ജെ. അക്ബര്‍, സീമാ മുസ്തഫ, അശുതോഷ്, അനിതാ പ്രതാപ്, ചന്ദന്‍ മിത്ര, സുപ്രിയ ക്ഷ്രീനേത് എന്നിങ്ങനെ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികളായി ഇറങ്ങിയ രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരിൽ ഏതാണ്ട് എല്ലാവർക്കും ‘രാഷ്ട്രീയക്കാരു’ടെ വേഷം ചേരില്ലെന്ന് പെട്ടന്നുതന്നെ മനസിലായി. പത്രപ്രവര്‍ത്തനം പോലെയല്ല തെരഞ്ഞെടുപ്പ് എന്ന് അനുഭവം പഠിപ്പിച്ചു.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും ഇന്ത്യന്‍ എക്സ്പ്രസിന്റെയും എഡിറ്ററായിരുന്ന ബി.ജി. വര്‍ഗീസാണ് തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയ ഏറ്റവും പ്രമുഖനായ മാധ്യമപ്രവര്ത്തകന്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആദ്യ പ്രസ് സെക്രട്ടറിയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്ക് ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജി വര്‍ഗീസ് മാവേലിക്കര മണ്ഡലത്തില്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി. കേരളത്തിലെ സാധ്യതകള്‍ തിരിച്ചറിയുന്നതിലും ബി.ജി. വര്‍ഗീസ് എന്ന പത്രപ്രവർത്തകൻ പരാജയമായി. കോണ്‍ഗ്രസിലെ ബി.കെ. നായർ 238169 വോട്ടുകള്‍ കിട്ടയപ്പോള്‍ ബി.ജി. വര്‍ഗീസിന് 181617 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്.
1991ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഔദ്യോഗിക വക്താവായി പ്രവര്‍ത്തിച്ച മാധ്യമപ്രവര്ത്തകന് എം.ജെ. അക്ബര്‍ രണ്ടുവട്ടം തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങി. 1989ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ബീഹാറിലെ കിഷന്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ജയിച്ചു. 1991ല്‍ അതേ മണ്ഡലത്തില്‍ ജനതാദളിന്റെ മുന്‍ എതിരാളികൂടിയായ സയിദ് ഷഹാബുദ്ദിനോട് തോറ്റു. അക്ബർ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിച്ചപോയി.എന്നാല്‍ വീണ്ടും മടങ്ങി വന്നു. 2014 ബി.ജെ.പിയില്‍ ചേര്‍ന്ന് അവരുടെ ദേശീയവക്താവായി. 2015 ല്‍ ജാര്‍ഖണ്ഡില്‍ നിന്ന് രാജ്യസഭാ എം.പിയായി എത്തിയത് രാഷ്ട്രീയ ഭിക്ഷാംദേഹികൂടിയായ അക്ബറിന് നേട്ടമായി. ബി.ജെ.പി അദ്ദേഹത്തെ മോദി സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയാക്കി.
2008 ആണവകരാര്‍ നടപടികള്‍ക്കെതിരെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിനെതുടര്‍ന്ന് ഏഷ്യന്‍ഏജില്‍ നിന്ന് എം.ജെ. അക്ബറിനൊപ്പം പുറത്തുപോകേണ്ടിവന്ന സീമാ മുസ്തഫ അതിന് മുമ്പ് 1991 ലും 1996 ലും മത്സരത്തിനിറങ്ങി. ആദ്യ നാലാം സ്ഥാനാത്ത് ഫിനിഷ് ചെയ്ത അവർ രണ്ടാമൂഴത്തിൽ പത്താം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
പയനീര്‍, സണ്‍ഡേ ഒബസര്‍വര്‍ പത്രങ്ങളുടെ എഡിറ്ററായ ചന്ദന്‍ മിത്ര രാജ്യസഭയിലേക്ക് രണ്ട് വട്ടം തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2014ല്‍ പശ്ചിമ ബംഗാളിലെ ഹൂഗ്ളിയില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ ദയനീയമായി തോറ്റു. 16.4ശതമാനം വേട്ട് മാത്രമാണ് ലഭിച്ചത്.
രാജ്യാന്തര മാധ്യമപ്രവര്‍ത്തക അനിതാ പ്രതാപ് 2014 ൽ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി. മണ്ഡലം തെരഞ്ഞെടുത്തതിലും അവർക്ക് തെറ്റി. എറണാകുളം മണ്ഡലത്തിൽ നാലാംസ്ഥാനത്ത് 16,452 വോട്ടുകള്‍ കൊണ്ട് അനിത പ്രതാപിന് തൃപ്തിപ്പെടേണ്ടിവന്നു. ആജ്തക്കിലും ഐ.ബി.എന്‍ 7 നും പ്രവര്‍ത്തിച്ച അശുതോഷ് ആം ആദ്പി മാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി 2014 തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
കേരളത്തില്‍ പക്ഷേ, തെരഞ്ഞെടുപ്പ് അങ്കങ്ങളില്‍ പത്രപ്രവര്‍ത്തകര്‍ വിജയവും പരാജയവും സ്വന്തമാക്കി. 1952 ലെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പിന്തുണയുള്ള കെ.എം.പി. പി സ്ഥാനാർത്ഥികളായി മത്സരിച്ച, മാതൃഭൂമിയുടെ പത്രാധിപന്മാരായിരുന്ന കെ. കേളപ്പനും (പൊന്നാനി), എ.ദാമോദരമേനോനും (കോഴിക്കോട്) ജയിച്ചു. പൊതു തെരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കിയ മറ്റൊരാൾ കൗമുദി പത്രാധിപര്‍ കെ. ബാലകൃഷ്ണനായിരുന്നു. 1971ല്‍ ആര്.എസ്.പി സ്ഥാനാര്‍ത്ഥിയായി അമ്പലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച കെ.ബാലകൃഷ്ണന് ആധികാരികമായി തന്നെ വിജയിച്ചു. സി.പി.എമ്മിലെ സുശീല ഗോപാലന് 187569 വോട്ടുകള്‍ കിട്ടിയപേള് 213487 വോട്ടുകള്‍ കെ. ബാലകൃഷ്ണന് സ്വന്തമാക്കി. പോള്‍ ചെയ്ത വോട്ടുകളുടെ 52.68 ശതമാനം.
ഇന്ത്യന്‍ എക്സ്പ്രസ് ലേഖകനായിരുന്ന ഡോ. സെബാസ്റ്റ്യന്‍പോള്‍ വിജയവും പരാജയവും നേരിട്ടു. 1997ല്‍ സേവ്യര്‍ അറയ്ക്കല്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് നിന്നായിരുന്നു ആദ്യ ജയം. അപ്പോൾ അദ്ദേഹം മാധ്യമ പ്രവർത്തനം എന്ന തൊഴിൽ വിട്ട് അഭിഭാഷകനായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നുവെന്നത് വേറെ കാര്യം. 2003 ല്‍ ജോര്‍ജ് ഈഡന് മരിച്ചതിനെതുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പിലും വിജയിച്ച് സെബാസ്റ്റ്യൻ പോൾ ലോക്സഭയില്‍ എത്തി. ദേശാഭിമാനി ചീഫ് എഡിറ്ററായിരുന്ന പി. രാജീവും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ (2019) എറണാകുളത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. 169153 വോട്ടുകള്‍ക്ക് പക്ഷേ, ഹൈബി ഈഡനോട് തോറ്റു.
പത്ര മുതലാളിമാര്‍ക്കും സമാനമായ അനുഭവമായിരുന്നു. ഇന്ത്യൻ എക്സപ്രസ് തലവനായ രാംനാഥ് ഗോയങ്ക കോൺഗ്രസ് സ്ഥാനാർഥിയായി 1952ൽ മദ്രാസിലെ ദിണ്ടഡിവാരം മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങിയെങ്കിലും പരാജയപ്പെട്ടു. 1971ൽ അദ്ദേഹം ജനസംഘം സ്ഥാനാർത്ഥിയായി ലോക്സഭയിലെത്തി. മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്ന എം.പി. വീരേന്ദ്ര കുമാര്‍ 1991ല്‍ കോഴിക്കോട് മണ്ഡലത്തില്‍ കെ. മുരളീധരനോട് തോറ്റു. 1996 യലും 2004 ലും കോഴിക്കോട് നിന്ന് ജയിച്ചു. 2014ല്‍ യു.ഡി.ഫ് ടിക്കറ്റില്‍ പാലക്കാട് മത്സരിച്ചപ്പോള്‍ സി.പി.എമ്മിന്റെ എം.ബി. രാജേഷിനോട് പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പില്ലാതെ പാർലമെൻറിന്റെ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ എത്താമെന്ന് മാധ്യമപ്രവർത്തകർ പലവട്ടം തെളിയിച്ചു. അരുണ്‍ ഷൂറി മുതൽ രാജീവ് ചന്ദ്രശേഖർ വരെയുള്ള വലിയൊരു നിരതന്നെയുണ്ട് ഈ ഗണത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.