തിരുപ്പതി ലഡ്ഡു വിവാദം: നെയ്യിൽ മായം ചേർത്തിട്ടില്ലെന്ന് വിതരണക്കാർ, 320 രൂപക്ക് ഒരു കിലോ ശുദ്ധമായ നെയ്യ് കിട്ടില്ലെന്ന് ടി.ഡി.പി

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡ്ഡു നിർമിക്കാൻ പശുവിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചുവെന്ന ആരോപണം തള്ളി എ.ആർ. ഡെയ്റി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. തിരുമലയിലെ തിരുപ്പതി ക്ഷേത്രത്തിൽ ലഡ്ഡു നിർമിക്കാൻ നെയ്യ് വിതരണം ചെയ്യുന്ന നിരവധി വിതരണക്കാരുണ്ടെന്നും അതിലൊന്ന് മാത്രമാണ് തങ്ങളെന്നും കമ്പനി വിശദീകരിച്ചു.

ഗുജറാത്ത് ലാബ് ഒരിക്കലും പറഞ്ഞിട്ടില്ല പരിശോധിച്ച നെയ്യ് എ.ആർ. ഡയ്റിയിൽ നിന്നുള്ളതാണെന്ന്. തെറ്റായ പരിശോധന ഫലങ്ങൾ കാണിക്കാനുള്ള സാധ്യയയെ കുറിച്ചും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. പരിശോധിച്ച് ബോധ്യമായതിനു ശേഷമാണ് ജൂൺ, ജൂലൈ മാസങ്ങളിൽ ക്ഷേത്ര ബോർഡിന് നെയ്യ് അയച്ചത്. കച്ചവടക്കാരെ മാറ്റിയതിനാൽ ജൂലൈക്കു ശേഷം നെയ്യ് വിതരണം ചെയ്തിട്ടുമില്ല. പശുവിന്റെ ​കൊഴുപ്പ് അടക്കം നെയ്യിൽ കണ്ടെത്തിയതിന് നിരവധി കാരണങ്ങളുണ്ട്. എ.ആർ. ഡയറി ഫുഡ് ഗുണപരിശോധന വിഭാഗം വ്യക്തമാക്കി. അതിനാൽ പരിശോധിച്ച നെയ്യിന്റെ സാംപിൾ എ.ആർ ഡെയ്റി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുള്ളതല്ലെന്നും കമ്പനി ഉറപ്പിച്ചു പറഞ്ഞു.

പരിശോധനക്കായി അയച്ച നാലു സാംപിളുകളിൽ ഒന്ന് എ.ആർ ഡയറി ഫുഡിന്റെതാണെന്ന് ദേവസ്വം അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വർഷം ജൂലൈ ആറിനും 12നുമിടയിൽ നാലു ടാങ്കറുകളിലായാണ് നെയ്യ് എത്തിച്ചതെന്നും ക്ഷേത്രം അധികൃതർ പറഞ്ഞു.

അതിനിടെ, ഏറ്റവും കുറഞ്ഞ വിലക്ക് നെയ്യ് നൽകുന്ന സ്ഥാപനത്തെ ആദരിക്കണമെന്ന്  ടി.ഡി.പി വക്താവ് അനം വെങ്കട്ട രമണ റെഡ്ഡി പരിഹസിച്ചു. കിലോക്ക് 320 രൂപ വെച്ചാണ് വൈ.എസ്.ആർ.സി.പി സർക്കാർ നെയ്യ് വാങ്ങാൻ ടെൻഡർ നൽകിയത്. എന്നാൽ ഇത്രയും തുച്ഛമായ വിലക്ക് ഒരിക്കലും ശുദ്ധമായ നെയ്യ് ലഭിക്കില്ല. ശുദ്ധമായ നെയ്യ് കിട്ടണമെങ്കിൽ 900 രൂപയാണ് മാർക്കറ്റ് വില. കുറഞ്ഞ വിലക്ക് നെയ്യ് ലഭിക്കാൻ വൈ.എസ്.ആർ.സി സർക്കാർ ഗുണമേൻമയിൽ വിട്ടുവീഴ്ച ചെയ്തുവെന്നും ടി.ഡി.പി ആരോപിച്ചു.

വൈ.എസ്. ആർ. കോൺഗ്രസിന്റെ ഭരണകാലത്ത് വാങ്ങിയ നെയ്യിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം ഉണ്ട് എന്നായിരുന്നു ആരോപണം. ക്രിസ്ത്യനായ ജഗൻ മോഹനൻ റെഡി ക്ഷേത്രാചാരങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്നും നായിഡു ആരോപിച്ചിരുന്നു.

ഗുജറാത്തിലെ നാഷനൽ ഡെയ്റി ഡെവലപ്മെന്റ് ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ് ലാബ് ആണ് പരിശോധന നടത്തിയത്. ലഡ്ഡു നിർമിക്കാൻ ഉ​പയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പും(പന്നിയുടെയോ ബീഫിന്റെയോ കൊഴുപ്പ്) മത്സ്യ എണ്ണയും അടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിനായി കാലങ്ങളായി നെയ് വിതരണം ചെയ്തിരുന്നത് കർണാടകയിലെ സഹകരണ സ്ഥാപനമായ നന്ദിനിയായിരുന്നു. കഴിഞ്ഞ വർഷം ജഗൻ മോഹൻ റെഡ്ഡി സർക്കാർ മഹാരാഷ്ട്രയിൽ നിന്നുള്ള സ്വകാര്യ കമ്പനികൾക്ക് കരാർ നൽകി. ഇവർ വിതരണം ചെയ്ത നെയ്യിലാണ് പശുവിന്റെയും പന്നിയുടെയും കൊഴുപ്പിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Tags:    
News Summary - Tirupati laddoo row: Ghee supplier denies adulteration claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.