ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ പ്രചാരണ റാലികൾ അടക്കമുള്ളവ മാർച്ച് ഏഴു വരെ നിരോധിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് തണമൂൽ കോൺഗ്രസ്. ടി.എം.സി രാജ്യസഭ എം.പി സുഖേന്ദു ശേഖർ റായ് ആണ് ജനുവരി 15 വരെ മാത്രം പ്രചാരണ റാലികൾക്ക് നിരോധം ഏർപ്പെടുത്തിയ കമീഷന്റെ നടപടിക്കെതിരെ രംഗത്തുവന്നത്.
ജനുവരി 15നകം സ്ഥിതിഗതികൾ മെച്ചപ്പെടുകയാണെങ്കിൽ പോലും ഒരു രാഷ്ട്രീയ പാർട്ടിക്ക് ഗുണമുള്ളതും എന്നാൽ പൊതുജനങ്ങൾക്ക് ഹാനികരവുമായ എന്തെങ്കിലും ചെയ്യാൻ സമ്മതം നൽകുന്നില്ലെന്ന് ശേഖർ റായ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഏപ്രിലിൽ കോവിഡ് സാഹചര്യവും ജനങ്ങളുടെ സുരക്ഷയും പരിഗണിച്ച് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങൾ ഒരുമിച്ച് നടത്താൻ തൃണമൂൽ തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, തങ്ങളുടെ അഭ്യർഥന നിരസിക്കുകയാണ് ചെയ്തത്. എട്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് കാരണം രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ് ചെയ്തതെന്നും ശേഖർ റായ് പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും പ്രചാരണ റാലികളും റോഡ്ഷോകളും യോഗങ്ങളും ജനുവരി 15 വരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിരോധിച്ചത്. കോവിഡ് വ്യാപന മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിരോധം ഏർപ്പെടുത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുശീൽ ചന്ദ്ര ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദൂരദർശനിൽ പാർട്ടികൾക്ക് അനുവദിക്കുന്ന കാമ്പയിൻ സമയം ഇരട്ടിയാക്കിയിട്ടുണ്ടെന്ന് കമീഷണർ പറഞ്ഞു.
റോഡുകളിലും കവലകളിലും യോഗങ്ങൾ നിരോധിച്ചു, വീടുകയറിയുള്ള കാമ്പയിനിൽ അഞ്ചുപേർ മാത്രം, ആഹ്ലാദ പ്രകടനങ്ങൾ പാടില്ല, വിജയ സർട്ടിഫിക്കറ്റ് വാങ്ങാൻ സ്ഥാനാർഥിക്കൊപ്പം രണ്ടുപേർ മാത്രമെ പോകാവൂ, റാലികളിൽ (അനുവാദം ലഭിച്ചാൽ) പങ്കെടുക്കുന്നവർക്ക് മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ വിതരണം ചെയ്യണം, രാത്രി എട്ടു മുതൽ രാവിലെ എട്ടു വരെ പ്രചാരണം അനുവദിക്കാത്ത 'കാമ്പയിൻ കർഫ്യൂ' അടക്കമുള്ളവയാണ് പ്രധാന കോവിഡ് മാനദണ്ഡങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.