ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് കേൾക്കാതിരുന്നതിന് ചണ്ഡീഗഡിലെ പി.ജി.ഐ.എം.ഇ.ആർ അഡ്‌മിനിസ്ട്രേഷൻ 36 നഴ്‌സിങ് വിദ്യാർഥികളെ ഹോസ്‌റ്റൽ വിടുന്നത് വിലക്കിയ സംഭവത്തിനെതിരെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.പി മഹുവ മൊയ്ത്ര. പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാത്തതിന് തന്നെ ശിക്ഷിക്കുമോ എന്നായിരുന്നു മഹുവയുടെ ചോദ്യം.
ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ''ഞാനും മങ്കി ബാത് ഇതുവരെ കേട്ടിട്ടില്ല, എന്നെയും ശിക്ഷിക്കുമോ? ഒരാഴ്ചത്തേക്ക് വീട്ടിൽ നിന്ന് പുറത്തുപോകുന്നതിന് വിലക്കുണ്ടാകുമോ? അക്കാര്യമാലോചിച്ച് വലിയ വിഷമത്തിലാണ്.''-എന്നായിരുന്നു മഹുവയുടെ ട്വീറ്റ്.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടിയെടുക്കാത്തതും അദാനിക്കെതിരായ സെബി അന്വേഷണം പൂർത്തിയാക്കാത്തതും എന്തുകൊണ്ടാണെന്ന് സൂചിപ്പിച്ച് മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന് മുമ്പ് മഹുവ ട്വീറ്റ് ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ മൻ കി ബാതിൽ നിർബന്ധമായി പങ്കെടുക്കണമെന്ന് പി.ജി.ഐ.എം.ഇ.ആറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യൂക്കേഷൻ ഒന്ന്, മൂന്ന് വർഷ നഴ്സിങ് വിദ്യാർഥികൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ 36 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തില്ല. തുടർന്ന് മെയ് മൂന്നിന് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. സുഖ്പാൽ കൗർ വിദ്യാർഥികൾ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ട് കത്ത് നൽകുകയായിരുന്നു. 28 ഒന്നാം വർഷ വിദ്യാർഥികൾക്കും എട്ട് മൂന്നാം വർഷ വിദ്യാർഥികൾക്കുമാണ് വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.