ചെന്നൈ: കെ. പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ തീരുമാനത്തിൽ വിസമ്മതവുമായി ഗവർണർ ആർ.എൻ. രവി. ഇത് സംബന്ധിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതോടെ, സംഘ്പരിവാർ വിധേയനായ ഗവർണറും തമിഴ്നാട് മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത വീണ്ടും രൂക്ഷമാവുകയാണ്.
ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന പൊന്മുടി അനധികൃത സ്വത്ത് സമ്പാദന കേസിൽ മദ്രാസ് ഹൈകോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു. എന്നാൽ, ഈ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് ഇദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കാൻ ഡി.എം.കെ സർക്കാർ തീരുമാനിച്ചത്.
മാർച്ച് 13നോ 14നോ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് കാണിച്ച് സ്റ്റാലിൻ ഗവർണർക്ക് കത്തെഴുതിയിരുന്നു. എന്നാൽ, പൊന്മുടിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനാവില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്ക് ഗവർണർ കത്തുനൽകുകയായിരുന്നു. സുപ്രീംകോടതി ശിക്ഷ സ്റ്റേ ചെയ്തിട്ടുമാത്രമേയുള്ളൂവെന്നും പൊന്മുടിയെ കുറ്റമുക്തനാക്കിയിട്ടില്ലെന്നുമാണ് ഗവർണർ ചൂണ്ടിക്കാട്ടിയത്.
എന്നാൽ, പൊന്മുടിയെ മന്ത്രിയാക്കുന്നതിൽ ഒരു നിയമതടസവുമില്ലെന്നും ഗവർണർ അതിനായി ഒരു തീയതി നിശ്ചയിക്കുമെന്നും നിയമമന്ത്രി എസ്. രഘുപതി കഴിഞ്ഞ ദിവസം പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പൊന്മുടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസമാകില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കരുണാനിധി മന്ത്രിസഭയിൽ ഖനി വകുപ്പ് കൈകാര്യം ചെയ്തിരുന്ന പൊൻമുടി 2006 ഏപ്രിൽ 13-നും 2010 മാർച്ച് 31-നും ഇടയിൽ 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. കേസിൽ കീഴ്‌ക്കോടതി ഇദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. എന്നാൽ, ഈ വിധി റദ്ദാക്കിക്കൊണ്ട് മന്ത്രി കുറ്റക്കാരനാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ഇതാണ് നിലവിൽ സുപ്രീംകോടതി സ്റ്റേ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.