സ്ത്രീകൾ നേരിടുന്ന അതിക്രമത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നു -എം.കെ സ്റ്റാലിൻ

ചെന്നൈ: കഴിഞ്ഞ വർഷങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമ വിഷയങ്ങളിൽ മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. മധുര ലോക്‌സഭാ സ്ഥാനാർഥി സു വെങ്കിടേശൻ, ശിവഗംഗ സ്ഥാനാർഥി കാർത്തി പി. ചിദംബരം എന്നിവരുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അടുത്ത ദിവസങ്ങളിലായി സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് മോദി ധാരാളം സംസാരിക്കുന്നു. എന്നാൽ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിക്കുന്ന സമയത്തും ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തിക്കാർ ലൈംഗികാരോപണം ഉന്നയിച്ചപ്പോഴും മൗനം പാലിച്ചയാളാണ് അദ്ദേഹം. മാത്രമല്ല, ലൈംഗികാതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോഴും മോദി നിശബ്ദനായ കാഴ്ചക്കാരനായി നിന്നു. മണിപ്പൂരിലെ സ്ത്രീകളുടെ വിഷയത്തിൽ, ജമ്മു കശ്മീരിൽ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളെ പിന്തുണച്ച് രണ്ട് ബി.ജെ.പി മന്ത്രിമാർ റാലിയിൽ പങ്കെടുത്തപ്പോൾ, ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് ലൈംഗികാതിക്രമക്കേസിൽ പ്രതിയായപ്പോൾ, ഉന്നാവോ, ഹത്രാസ് കേസുകളിൽ ഇരകളുടെ കുടുംബങ്ങളോട് അനീതിയുണ്ടായപ്പോഴൊക്കെ മോദി നിശബ്ദനായിരുന്നു”-സ്റ്റാലിൻ പറഞ്ഞു.

“ഡിഎംകെയുടെ 1069 ദിവസത്തെ ഭരണത്തിൽ 1,556 ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നിട്ടുണ്ട്. 6,082 കോടി രൂപ വിലമതിക്കുന്ന ക്ഷേത്ര സ്വത്തുക്കൾ തിരിച്ചുപിടിക്കുകയും 4.7 ലക്ഷം ഭക്തർക്ക് ക്ഷേത്ര ചികിത്സാ സൗകര്യങ്ങളിൽ വൈദ്യസഹായം ലഭിക്കുകയും ചെയ്തു. ഡി.എം.കെ തമിഴ്നാടിന്‍റെ വളർച്ച തടയുന്നുവെന്ന് ബി.ജെ.പി കള്ളം പറയുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു.

സേതുസമുദ്രം, മധുര എയിംസ് എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ ബി.ജെ.പി തടഞ്ഞതായി സ്റ്റാലിൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് സന്ദർശിക്കാനുള്ള വെറുമൊരു സങ്കേതമല്ല തമിഴ്നാടെന്നും എന്തുകൊണ്ടാണ് തമിഴർക്ക് രണ്ടാംതരം പരിഗണന ലഭിക്കുന്നതെന്നും സ്റ്റാലിൻ ചോദിച്ചു.

Tags:    
News Summary - TN no sanctuary to visit during poll season: MK Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.