ന്യൂഡൽഹി: രാജ്യത്തെ ഉന്നത കലാലയങ്ങളിൽ നടക്കുന്ന ജാതീയ-വംശീയ വിവേചനങ്ങളും അതിക്രമങ്ങളും സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിലെ നാല് മലയാളി വിദ്യാർത്ഥികൾക്ക് നേരെ സെക്യൂരിറ്റി ഗാർഡുകൾ നടത്തിയത് വംശീയ ആക്രമണമാണ്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമൊക്കെ വരുന്ന വിദ്യാർത്ഥികളോട് വംശീയമായി പെരുമാറാൻ എങ്ങനെയാണ് ഇവർക്കൊക്കെ ധൈര്യം ലഭിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മലയാളി വിദ്യാർഥികൾ നല്ല മാർക്കോടെ ജയിക്കുന്നതിൽവരെ ആക്ഷേപം ഉന്നയിച്ച അധ്യാപകർ ഡൽഹി സർവകലാശാലയിലുണ്ട്. മലയാളികൾ മാത്രം അവരുടെ സാംസ്കാരിക ആഘോഷങ്ങൾ കാമ്പസിൽ നടത്തേണ്ടതില്ലെന്ന് പറയുന്നത് ജാമിഅ മില്ലിയ്യയിലാണ്. ഓണം ആഘോഷിക്കാൻ ഇന്ദിരാ ഗാന്ധി ട്രൈബൽ യൂനിവേഴ്സിറ്റിയിലും ജാമിഅ മില്ലിയ്യയിലും അധികൃതർ അനുമതി നൽകാതിരുന്നത് അങ്ങേയറ്റം സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂനിവേഴ്സിറ്റിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പിയും ലോക്സഭാ സ്പീക്കർക്ക് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. മലയാളി വിദ്യാർഥികൾ സർവകലാശാലയിൽ നേരിടുന്ന വംശീയവും ഭാഷാപരവും പ്രാദേശികവും ആയ വിവേചനം ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.