കേന്ദ്ര സർക്കാരുമായി സഹകരിച്ച് നീങ്ങുമെന്ന് ഉമർ അബ്ദുല്ല; ജനങ്ങളുടെ സർക്കാരായി മാറും

ശ്രീനഗർ: കേന്ദ്ര സർക്കാരുമായി സഹകരിച്ച് നീങ്ങുമെന്ന് നാഷണൽ കോൺഫറൻസ് ഉപാധ്യക്ഷനും ജമ്മു കശ്മീരിൽ നിയുക്ത മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല. 'സ്വന്തം സർക്കാർ' എന്ന അവബോധം താഴ്വരയിലെ ജനങ്ങളിൽ വളർത്തിയെടുക്കുക എന്നത് ജമ്മു കശ്മീരിൽ രൂപീകരിക്കുന്ന സർക്കാറിനുള്ള വലിയ ഉത്തരവാദിത്തമാണെന്നും ഉമർ അബ്ദുല്ല വ്യക്തമാക്കി.

മുഖ്യമന്ത്രി ആരായാലും ഇത് തങ്ങളുടെ സർക്കാരല്ലെന്ന് ജമ്മുവിലെ ജനങ്ങൾക്ക് തോന്നാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. താഴ്‌വരയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്രവുമായി ബന്ധം സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയ ഉമർ അബ്ദുല്ല, ഉത്തരവാദിത്തം വർധിച്ചിരിക്കുകയാണെന്നും പറഞ്ഞു.

ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് എൻ.സി-കോൺഗ്രസ്-സി.പി.എം സർക്കാറിന് ഉയരണം. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം. കേന്ദ്ര സർക്കാരുമായുള്ള ബന്ധത്തിലൂടെ ജമ്മു കശ്മീരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. കൂടുതൽ വോട്ട് നേടിയ നാഷണൽ കോൺഫറൻസിന്‍റെ ഉത്തരവാദിത്തം വർധിച്ചെന്നും ഉമർ വ്യക്തമാക്കി.

'ജനങ്ങളാണ് യജമാനന്മാർ. നമ്മളെ ഇഷ്ടപ്പെടണോ വേണ്ടയോ എന്ന് അവർ തീരുമാനിക്കും. രണ്ട് മാസം മുമ്പ് ഞാൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു, ഇപ്പോൾ വിജയിച്ചു. ഞാൻ ഒരേ വ്യക്തിയാണ്, ഒരേ കുടുംബത്തിൽ പെട്ടയാളാണ്, എന്‍റെ രാഷ്ട്രീയത്തിൽ ഒരു മാറ്റവും ഉണ്ടായില്ല. എന്നാൽ രണ്ട് മാസം മുമ്പ് ഞാൻ തോറ്റു, ഇപ്പോൾ ജയിച്ചു' -ഉമർ അബ്ദുല്ല വ്യക്തമാക്കി.

ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം മിന്നും വിജയമാണ് നേടിയത്. 90 അംഗ നിയമസഭയിൽ 48 സീറ്റുകൾ സംഖ്യം നേടി. നാഷണൽ കോൺഫറൻസ് 42 സീറ്റും കോൺഗ്രസ് ആറു സീറ്റും ബി.ജെ.പി 29 സീറ്റും മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പി.ഡി.പി മൂന്ന് സീറ്റും നേടി.

സജാദ് ഗനി ലോണിന്‍റെ പീപ്പിൾസ് കോൺഫറൻസും ആം ആദ്മി പാർട്ടിയും സി.പി.എമ്മും ഓരോ സീറ്റുകളിലും ഏഴ് സ്വതന്ത്രരും വിജയിച്ചു.

Tags:    
News Summary - To build relations with the centre and solve the problems of Jammu Kashmir -Omar Abdullah National Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.