ബംഗളൂരു: കർണാടകയിലെ ഗോവധ നിരോധന നിയമം വർഗീയത പരത്താനെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. നിയമം അശാസ്ത്രീയവും കർഷകരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്നും നാട്ടിൽ സാമുദായിക സംഘർഷം സൃഷ്ടിക്കുകയും രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പശു സംരക്ഷണ ബിൽ ബുധനാഴ്ച സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു.
'പശു കശാപ്പ് നിരോധിക്കാനുള്ള തീരുമാനം എടുക്കുന്നതിനുമുമ്പ് ഉത്പാദനക്ഷമമല്ലാത്ത എല്ലാ കന്നുകാലികളെയും വാങ്ങാൻ സർക്കാർ ആലോചിക്കണം. അല്ലെങ്കിൽ കന്നുകാലികളെ പരിപാലിക്കാൻ സർക്കാർ കർഷകർക്ക് പ്രതിഫലം നൽകണം. ഇതിന് തയ്യാറാണെങ്കിൽ അടുത്ത ആഴ്ച നിയമസഭാ സമ്മേളനം വിളിക്കട്ടെ'-സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. 'പശുക്കളെകുറിച്ച് ബി.ജെ.പിക്ക് അത്രയധികം ആശങ്ക ഉണ്ടെങ്കിൽ അവർ രാജ്യത്താകമാനം ഒരു നിയമം കൊണ്ടുവരണം. കേരളം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ നിയമം പാസാക്കണം. അതോെടാപ്പം കന്നുകാലികളുടെ ഇറച്ചി കയറ്റുമതി അവസാനിപ്പിക്കുകയുംവേണം'-അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
കന്നുകാലികളെ പരിപാലിക്കാൻ സംസ്ഥാനത്ത് ആകെ159 പശു അഭയ കേന്ദ്രങ്ങൾ മാത്രമേയുള്ളൂ. നിലവിലുള്ള കന്നുകാലികൾക്കുപോലും തീറ്റ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. എല്ലാ കർഷകരും കന്നുകാലികളെ പശു അഭയകേന്ദ്രങ്ങളിലേക്ക് അയച്ചാൽ സർക്കാറിന് ഭക്ഷണം നൽകാൻ കഴിയുമോ?സിദ്ധരാമയ്യ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.