കേന്ദ്ര പാഠ്യപദ്ധതി അഴിച്ചുപണിയാൻ ആർ.എസ്.എസ് പ്രതിനിധികളായി 24 പേർ

ന്യൂഡൽഹി: ദേശീയ പാഠ്യപദ്ധതി അഴിച്ചുപണിയാൻ മോദിസർക്കാർ ഏൽപിച്ചത് സ്വദേശി ജാഗരൺ മഞ്ചിന്‍റെ കൺവീനർ മുതൽ വിദ്യാഭാരതി തലവൻ വരെയുള്ള ആർ.എസ്.എസ് പശ്ചാത്തലത്തിൽനിന്നുള്ള 24 പേരെ. മലബാർ പോരാട്ടനായകരെ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽനിന്ന് ഒഴിവാക്കാൻ പരിശ്രമിച്ച ഭാരതീയ വിചാരകേന്ദ്രം വർക്കിങ് പ്രസിഡന്‍റ് റിട്ട. പ്രഫസർ സി.ഐ ഐസകും പാഠ്യപദ്ധതി മാറ്റാനുള്ള ഫോക്കസ് ഗ്രൂപ്പിലുണ്ട്. ആകെയുള്ള 25 ഫോക്കസ് ഗ്രൂപ്പുകളിൽ 17ലും ആർ.എസ്.എസ് പ്രതിനിധികളുണ്ട്.

2002ലെ ഗുജറാത്ത് വംശഹത്യയും രാജ്യത്തെ ജാതിസമ്പ്രദായവും മുഗളരെ കുറിച്ചുള്ള ഭാഗങ്ങളും അടക്കം ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻ.സി.ഇ.ആർ.ടി) 12ാം ക്ലാസ് പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയതിന് പിന്നിൽ സംഘ്പരിവാർ അജണ്ട തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻ.സി.പി) ഫോക്കസ് ഗ്രൂപ്പിലെ ആർ.എസ്.എസ് പങ്കാളിത്തം.

കെ. കസ്തൂരി രംഗൻ ചെയർമാനായ സ്റ്റിയറിങ് കമ്മിറ്റി മേൽനോട്ടം വഹിച്ച ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അഴിച്ചുപണിയുന്നതിനുള്ള വിവിധ ഫോക്കസ് ഗ്രൂപ്പുകളിലെ ആർ.എസ്.എസ് പ്രതിനിധികൾ ഇവരാണ്: ഭാരതീയ വിചാരകേന്ദ്രം വർക്കിങ് പ്രസിഡന്‍റ് റിട്ട. പ്രഫസർ സി.ഐ. ഐസക്, സ്വദേശി ജാഗരൺ മഞ്ചിന്‍റെ ദേശീയ സഹ കൺവീനർ ഡോ. ഭാഗവതി പ്രകാശ് ശർമ, വനവാസി കല്യാൺ ആശ്രമം ഗോവഘടകം അംഗം ദത്ത ഭികാജി നായിക്, ആർ.എസ്.എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് ഡോ. രാമകൃഷ്ണ റാവു, വിദ്യാഭാരതി മുൻ പ്രസിഡന്‍റ് ഗോവിന്ദ് പ്രസാദ് ശർമ, ഒഡിഷ ഘടകം പ്രസിഡന്‍റ് കിഷോർ ചന്ദ മൊഹന്തി, വിദ്യാഭാരതിയുടെ അഖിലേന്ത്യാ വേദിക് മാത്തമാറ്റിക്സ് കൗൺസിൽ അംഗം ഡോ. ശ്രീരാം മുരളീധർ ചുഠൈവാല, ആർ.എസ്.എസ് ബുദ്ധിജീവി പ്രഫ. ബ്രിജ് കിഷോർ കുഠ്യാല, ആർ.എസ്.എസിന്‍റെ അഖിലഭാരതീയ ഇതിഹാസ് സങ്കലൻ യോജന ജനറൽ സെക്രട്ടറി പ്രഫ. ഈശ്വർ ശരൺ വിശ്വകർമ, ആർ.എസ്.എസിന്‍റെ അധ്യാപകസംഘടന ഭാരതീയ ശിക്ഷൺ മണ്ഡൽ മേഖലാ മേധാവി ഡോ. സുരേഷ് ഗോഹെ, നിർവാഹക സമിതി അംഗം പ്രഫ. നിലീമ ഭാഗബാട്ടി, ഭാരതീയ ശിക്ഷൺ മണ്ഡലിന്‍റെ അഖിലേന്ത്യാ ഗുരുകുലം പ്രകൽപയുടെ ചുമതലയുള്ള പ്രഫ. രാമചന്ദ്ര ജി. ഭട്ട്, ആർ.എസ്.എസിന്‍റെ ദൃഷ്ടി സ്ത്രീ അധ്യയൻ പ്രബോധൻ കേന്ദ്ര സെക്രട്ടറി അഞ്ജലി ദേശ്പാണ്ഡെ, അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ പ്രസിഡന്‍റ് ജെ.പി. സിംഗാൾ, ഭാരതീയ സമാജ് കാര്യ പരിഷത്ത് ജനറൽ സെക്രട്ടറി ഡോ. ബിഷ്ണുമോഹൻ ഡാഷ്, സംസ്കൃത ഭാരതി റിട്ട. പ്രഫ. ചന്ദ്കിരൺ സലൂജ, എ.ബി.വി.പി മുൻ ദേശീയ സെക്രട്ടറി പ്രഫ. വന്ദന മിശ്ര, മുൻ ദേശീയ വൈസ് പ്രസിഡന്‍റുമാരായ മംത യാദവ്, പ്രഫ. മിലിന്ദ് സുധാകർ മറാഠെ, രമൺ ത്രിവേദി, മുൻ ഛത്തിസ്ഗഢ് യൂനിറ്റ് പ്രസിഡന്‍റ് പ്രഫ. അശുതോഷ് മാണ്ഡവി, ജെ.എൻ.യു യൂനിറ്റ് മുൻ പ്രസിഡന്‍റ് രശ്മി ദാസ്, മുൻ നേതാക്കളായ പ്രഫ. പായൽ മാഗോ, പ്രഫ. മംത സിങ്.

Tags:    
News Summary - To dismantle the central curriculum 24 as RSS representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.